കൊച്ചി: മസാല ബോണ്ട് ഇടപാട് സംബന്ധിച്ച കേസില്‍ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഉദ്യോഗസ്ഥര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ ഡയരക്ടറേറ്റ് (ഇ ഡി) സമന്‍സ് അയയ്ക്കുന്നതു ഹൈക്കോടതി രണ്ടു മാസത്തേക്കു തടഞ്ഞു. കേസില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ)യെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
എന്‍ഫോഴ്‌സ്‌മെന്റ് തുടര്‍ച്ചയായി സമര്‍സ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും സമന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയാനാകില്ലെങ്കിലും ഹരജിക്കാര്‍ക്കു സമന്‍സ് അയക്കുന്നതിനു ന്യായീകരണമില്ലെന്നു ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷിച്ചു. കേസില്‍ കോടതി ആര്‍ ബി ഐയുടെ വിശീദകരണം തേടി. ആര്‍ ബി ഐയുടെ വിശദീകരണം കേട്ട ശേഷം കേസില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കേസ് നവംബര്‍ 15നു വീണ്ടും പരിഗണിക്കും.
2019ല്‍ മസാല ബോണ്ടുകള്‍ നല്‍കിയതില്‍ വിദേശനാണയ വിനിമയച്ചട്ട(ഫെമ) ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചാണു തോമസ് ഐസക്കിനും കിഫ്ബിക്കുമെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. മസാലാ ബോണ്ട് വാങ്ങിയതില്‍ വിദേശനാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും പണം മറ്റു വഴിക്കു തിരിച്ചുവിട്ടിട്ടുണ്ടെന്നുമാണ് ഇ ഡിയുടെ ആരോപണം.
എന്നാല്‍, റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് വാങ്ങിയതെന്നും ചട്ടലംഘനമൊന്നുമില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
തോമസ് ഐസക്കിനോട് ഹാജരാവാവന്‍ ആവശ്യപ്പെട്ട് ഇ ഡി രണ്ടു സമന്‍സുകള്‍ അയച്ചിരുന്നു. രണ്ടാമത്തെ സമന്‍സ് ബന്ധുക്കളുടെ ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ഐസക്കിനുവേണ്ടി മുതിര്‍ന്ന അഭിഭാഷന്‍ സിദ്ധാര്‍ഥ് ദാവെ ഹാജരായി.
എന്നാല്‍, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ തെളിവുകള്‍ രേഖപ്പെടുത്താന്‍ സമന്‍സ് പുറപ്പെടുവിക്കുന്നതു ഫെമയുടെ 37-ാം പ്രകാരമുള്ള ശരിയായ നടപടിയാണെന്നു ഇ ഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് എസ് വി രാജു വാദിച്ചു.
എന്നാല്‍ നീളുന്ന ഇ ഡി അന്വേഷണം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ദോഷകരമായി ബാധിക്കുന്നുവെന്നും അന്വേഷണം ആരംഭിക്കുന്നതിനുള്ള ഭൗതിക കാരണങ്ങള്‍ കണ്ടെത്താന്‍ ഏജന്‍സിക്ക് കഴിയുന്നില്ലെന്നും കിഫ്ബിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കിഫ്ബിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവര്‍ ഉള്‍പ്പെടെ ഹാജരായി.