തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചര്‍ച്ച സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. ഇടത് – വലത് നേതാക്കള്‍ കൊണ്ടും കൊടുത്തും കളം നിറഞ്ഞപ്പോള്‍ നിയമസഭയില്‍ പൊട്ടിച്ചിരികളും ഉയര്‍ന്നു. ശബരീനാഥന്‍ എംഎല്‍എ പ്രതിപക്ഷത്തിനുവേണ്ടി സംസാരിച്ചപ്പോള്‍ ഭരണപക്ഷത്തു നിന്നുള്ള എംഎല്‍എമാര്‍ ഉരുളയ്ക്കുപ്പേരി എന്നവണ്ണം മറുപടി നല്‍കുക കൂടി ചെയ്തതോടെ നിയമസഭയില്‍ നടന്നത് ബലപരീക്ഷണമാണ്.

മുസ്ലീം ലീഗിനെ ഉന്നം വച്ചുള്ള എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ പരാമര്‍ശം പിന്നീട് വലിയ ചര്‍ച്ചയായി. ലീഗിനെ സംബന്ധിച്ചിടുത്തോളം ലീഗിന് മസാല ബോണ്ട മാത്രമേ അറിയൂ എന്നായിരുന്നു ഷംസീര്‍ നിയമസഭയില്‍ ഇന്നലെ പറഞ്ഞത്. അവര്‍ക്ക് മസാല ബോണ്ടയെ കുറിച്ചേ അറിയൂ മസാല ബോണ്ടിനെ കുറിച്ച് അറിയില്ലെന്നും ഷംസീര്‍ പരിഹസിച്ചു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വലിയ സങ്കടം അറിയിച്ചു. ചര്‍ച്ചക്കിടയില്‍ തന്നെ മണ്ടനെന്ന് വിളിച്ചില്ലേ എന്നായി ചെന്നിത്തല. കയറില്‍ ഡോക്ടറേറ്റ് ഇല്ല എന്നേയുള്ളൂ ഇക്കണോമിക്‌സില്‍ താന്‍ ബിരുദ ധാരിയാണെന്ന് തോമസ് ഐസകിന് രമേശ് ചെന്നിത്തല മറുപടി നല്‍കി.

Read More: ‘കൂടുതല്‍ വികസനം നടന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത്’; മസാല ബോണ്ടില്‍ നിയമസഭയിലെ എരിവും പുളിയും

മസാല ബോണ്ട് വിറ്റശേഷമാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു. വികസനത്തിന്റെ പേര് പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ മാർച്ച് 29ന് തന്നെ കാനഡയിൽ വച്ച് ബോണ്ട് സിഡിപിക്യൂ കമ്പനിക്ക് വിറ്റു. വിറ്റ ബോണ്ടിന്റെ മണിയാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി അടിച്ചത്. ഇത്തരത്തിൽ ലാവ്ലിൻ കമ്പനിയെ സഹായിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നരേന്ദ്ര മോദി കൊണ്ടുവന്ന ലിബറൽ നയമാണ് മസാല ബോണ്ട്. മോദിയുടെ നയം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അവരുടെ അപചയമാണ് കാണിക്കുന്നത്. മസാലാബോണ്ട് വിഷയത്തിൽ ധനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും കുറഞ്ഞ പലിശയാണെന്ന് മുഖ്യമന്ത്രിയെ ധനമന്ത്രി തെറ്റിധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More: ‘കേരളത്തിന്റെ ഭരണാധികാരിയും ചോര്‍ ഹേ’; മസാല ബോണ്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ മറുപടി പറഞ്ഞു. ഏറ്റവും കുറഞ്ഞ പലിശയാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ലാവ്ലിന്റെ പേര് പറഞ്ഞ് കേരളത്തിലെ വികസനം തടയാൻ ആരെയും അനുവദിക്കില്ല. എന്ത് പ്രതിസന്ധികളുണ്ടായാലും സർക്കാർ നടപടികളുമായി മുന്നോട്ടുപോകുമെന്നും തോമസ് ഐസക് പറഞ്ഞു.

രേഖകൾ പ്രതിപക്ഷ എംഎൽഎമാർക്ക് പരിശോധിക്കാൻ നൽകണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു. ആർക്കും രേഖകൾ പരിശോധിക്കാമെന്നും ചർച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതെല്ലാം പൊതുപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.