scorecardresearch
Latest News

മേരി റോയി: വിമോചനത്തിന്റെ വഴികൾ വെട്ടിത്തുറന്ന പ്രതിഭ

സ്ത്രീയവകാശ പോരാട്ടത്തിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും കേരളത്തിന് മുന്നിൽ വ്യത്യസ്ത വഴി തുറന്ന പ്രതിഭയായിരുന്നു മേരി റോയി

mary roy, ie malayalam

കേരള ചരിത്രത്തിലെ സ്ത്രീയവകാശപോരാട്ടങ്ങളിലെ ആദ്യ പേരുകളിലൊന്നാണ് മേരി റോയി. ലിംഗ അനീതിയെ ഊട്ടിയുറപ്പിച്ച മത അധികാര വ്യവസ്ഥയ്ക്കെതിരെ അവകാശ സമത്വത്തിനായി ഏകാംഗപോരാട്ടം നടത്തിയ മേരി റോയി അടഞ്ഞ മനസുകളിലേക്ക് നീതിയുടെ വെളിച്ചം വീശിയ വ്യക്തിത്വമായിരുന്നു. സ്ത്രീയവകാശ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല, വിമോചനത്തിന്റെ വഴികൾ വെട്ടിത്തെളിച്ച മേരി റോയിയെ ചരിത്രം അടയാളപ്പെടുത്തുന്നത്. സ്ത്രീയവകാശ പോരാട്ടങ്ങൾ പോലെ തന്നെ വിദ്യാഭ്യാസ രംഗത്തെ വിമോചന സ്വഭാവമുള്ള പ്രവർത്തനങ്ങളിലും മേരി റോയി വ്യക്തിമുദ്ര പതിപ്പിച്ചു.

ആണധികാരവും മതാധികാരവും ചേർന്ന് അരനൂറ്റാണ്ടോളം കാലം നടപ്പാക്കിയിരുന്ന അനീതിക്കെതിരെ ഏകദേശം കാൽനൂറ്റാണ്ട് കാലം ദൈർഘ്യമുള്ള പോരാട്ടമാണ് മേരി റോയി നടത്തിയത്. ഒരുപക്ഷേ, മേരി റോയിയെ പോലെ ഇതുപോലെ, ഇത്രയും ദീർഘമായ പോരാട്ടം നടത്തിയ സ്ത്രീ കേരള ചരിത്രത്തിൽ ഉണ്ടാകില്ല. 1916ലെ തിരുവിതാം കൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം വിവാഹിതരായി കഴിഞ്ഞാൽ പെൺമക്കൾക്ക് കുടുംബസ്വത്തിൽ അവകാശമില്ല എന്നായിരുന്നു. വിവാഹ സമയത്ത് നൽകുന്നതെന്തോ അതുമാത്രമായിരുന്നു അവരുടെ അവകാശം എന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിലെ അനീതിക്കെതിരെ 1960കളുടെ ആദ്യ പകുതിയിൽ കീഴ്‌ക്കോടതിയിൽ തുടങ്ങിയ നിയമപോരാട്ടം 1986ൽ സുപ്രീം കോടതിയിലാണ് അവസാനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ ദൈർഘ്യമേറിയ ആ പോരാട്ടത്തിൽ മേരി റോയി എന്ന ഏകാംഗ പടയാളി ഒരു വശത്തും മറുവശത്ത് സ്ത്രീവിരുദ്ധതയുടെ അപ്പോസ്തലന്മാരും അധികാരവും കേരളത്തിലെ പൊതുബോധവും സഭകളും ഒക്കെ അണിനിരന്നു.

മേരി റോയിയുടെ ഒറ്റയാൾ പോരാട്ടത്തിന് അവസാനം, 1986ൽ, 1916 ലെ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം സുപ്രീം കോടതി അസാധുവാക്കി. പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. നീതിയുടെ വഴിയിൽ വിജയിച്ച മേരിറോയിക്ക് ലഭിച്ച കുടുംബസ്വത്തായ വീടിന് മേലുള്ള അവകാശം ലഭിച്ചു. പിന്നീട്, മേരി റോയി ഈ വീട് സഹോദരന് നൽകി. സഹോദരന് എതിരെയല്ല, നീതി തേടിയാണ് കോടതിയിൽ പോയതെന്ന് അവർ വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളെ അവഗണിക്കുന്ന ചിന്ത മാറണമെന്നും മക്കളെ തുല്യതയോടെ കാണണമെന്നുമുള്ള ആവശ്യത്തിന് വേണ്ടിയുള്ള നിയമ പോരാട്ടമാണ് താൻ നടത്തിയതെന്ന് മേരി റോയി പറയുകയും ചെയ്തു.

എല്ലാ അധികാരവ്യവസ്ഥകൾക്കെതിരെയും അണുവിട വിട്ടുകൊടുക്കാതെ മേരി റോയി നടത്തിയ നിയമപോരാട്ടം ഇന്ത്യൻ നിയമ രംഗത്തെ മാത്രമല്ല, സ്ത്രീവിമോചന പോരാട്ടത്തിലെ തന്നെ രജതരേഖയായി മാറി. സ്വത്തവകാശത്തിന് അപ്പുറം ലിംഗ നീതിയുടെ ആദ്യാക്ഷരങ്ങൾ മലയാളിയെ പഠിപ്പിച്ച നിയമ സമരം കൂടെയായിരുന്നു മേരി നടത്തിയത്.

സ്ത്രീയവകാശപോരാട്ടങ്ങളുടെ ചരിത്രത്തിൽ മാത്രമല്ല, വിദ്യാഭ്യാസ ചരിത്രത്തിലും വിമോചനത്തിന്റെയും പരീക്ഷണത്തിന്റെയും പുതിയ അധ്യായം തുറന്ന വ്യക്തി കൂടെയായിരുന്നു മേരി റോയി. അവർ ആരംഭിച്ച സ്കൂൾ, കേരളത്തെ സംബന്ധിച്ച് അന്നത്തെ കാലത്ത് വിദ്യാഭ്യാസ പരീക്ഷണമായിരുന്നു. സ്കൂൾ കെട്ടിട നിർമ്മാണം മുതൽ വിദ്യാഭ്യാസ രീതിയും പാഠഭാഗങ്ങളുടെ ഉള്ളടക്കം വരെ എല്ലാത്തിലും സമഗ്രമായ പൊളിച്ചെഴുത്താണ് മേരി റോയി നടപ്പാക്കിയത്. വിമോചനത്തിനായുള്ള വഴികൾ വെട്ടിത്തെളിച്ചാണ് അവർ കേരള സമൂഹത്തിന് മുന്നിൽ നീതിയുടെ വിളക്ക് തെളിച്ചത്.

കോട്ടയത്തെ ആദ്യ സ്കൂളിന്റെ സ്ഥാപകനായ ജോൺ കുര്യന്റെ പേരക്കുട്ടിയാണ് മേരി റോയി. കോർപസ് ക്രിസ്റ്റി എന്ന പേരിൽ 1967ൽ ആരംഭിച്ച സ്കൂളാണ്, പരമ്പരഗാത വിദ്യാഭ്യസ സങ്കൽപ്പങ്ങളെ മാറ്റിയെഴുതി, പിന്നീട് പള്ളിക്കൂടം എന്ന പേരിൽ പ്രശസ്തമായത്. കേരളത്തിലെ ആർക്കിടെക്ചർ സങ്കൽപ്പങ്ങൾ തന്നെ മാറ്റിപണിത പ്രശസ്തനായ ലാറി ബേക്കർ നിർമ്മിച്ചതാണ് സ്കൂൾ കെട്ടിടം.

കോട്ടയം അയ്മനത്ത് 1933 ൽ മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കൊൽക്കത്തയിൽ കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്തു. അക്കാലത്ത് പരിചയപ്പെട്ട ബംഗാൾ സ്വദേശിയായ രാജീബ് റോയിയെ വിവാഹം ചെയ്തു. അവിടം വിട്ട് മക്കളുമൊത്ത് ഊട്ടിയിൽ പിതാവ് പി.വി.ഐസക്കിന്റെ വസതിയിൽ താമസിച്ചു. ലോകപ്രശസ്ത എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയി, ലളിത് റോയി എന്നിവർ മക്കളാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mary roy the genius who paved the way for emancipation