scorecardresearch
Latest News

വിവാഹിതയുമായുള്ള ഉഭയസമ്മത ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റത്തിന് അടിസ്ഥാനമാകില്ല: ഹൈക്കോടതി

നേരത്തെ വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 2018-ല്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്

വിവാഹിതയുമായുള്ള ഉഭയസമ്മത ലൈംഗിക ബന്ധം ബലാത്സംഗക്കുറ്റത്തിന് അടിസ്ഥാനമാകില്ല: ഹൈക്കോടതി

കൊച്ചി: നേരത്തെ വിവാഹിതയായ സ്ത്രീയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗക്കുറ്റത്തിനു കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 2018-ല്‍ പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ വിവാഹിതയായ സ്ത്രീയെ വിവാഹം കഴിക്കുമെന്ന ഒരു പുരുഷന്റെ വാഗ്ദാനം നിയമപരമായി നടപ്പാക്കാനാകുന്നതല്ലെന്നും അത്തരം വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പിന്റെ ഘടകങ്ങള്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരി കാമുകനുമായി സ്വമേധയാ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കോടതി നിരീക്ഷിച്ചു. ഇതിനകം വിവാഹിതയായതിനാല്‍ കാമുകനുമായി നിയമപരമായ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നു പരാതിക്കാരിക്കു വ്യക്തമായി അറിയാമായിരുന്നുവെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി.

ആരോപണവിധേയന്‍ വിവാഹ വാഗ്ദാനം നല്‍കി ഓസ്ട്രേലിയയില്‍ ഇരയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണെന്നും വിവാഹമോചന നടപടികളും നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

വിവാഹ വാഗ്ദാനത്തെത്തുടര്‍ന്നാണ് ആരോപണവിധേയനുമായുള്ള ലൈംഗിക ബന്ധത്തിനു സമ്മതിച്ചതെന്നാണു യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍, ആരോപണവിധേയനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹര്‍ജിക്കാരി നിര്‍ബന്ധിക്കപ്പെട്ടതായി പ്രഥമ വിവര റിപ്പോട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതു മുഴുവനായി പരിശോധിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നു വ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു.

വിവാഹിതയുമായി ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പുരുഷന്‍ പിന്മാറിയാല്‍, പാലിക്കണമെന്ന ഉദ്ദേശത്തോടെയല്ലാതെ വ്യാജ വിവാഹ വാഗ്ദാനം നല്‍കിയാണു ലൈംഗികതയ്ക്കുള്ള സമ്മതം നേടിയതെന്നു സ്ഥിരീകരിക്കാത്ത പക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം കുറ്റമാകില്ലെന്നും കോടതി പറഞ്ഞു. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

വിവാഹിതയ്ക്കു പ്രതി നല്‍കിയതായി ആരോപിക്കപ്പെടുന്ന വിവാഹ വാഗ്ദാനം നിയമപ്രകാരം നടപ്പാക്കാന്‍ കഴിയാത്തതാണെന്നു ഹൈക്കോടതി അടുത്തിടെ വിധിച്ചിരുന്നു. അത്തരം നടപ്പാക്കാനാകാത്തതും നിയമവിരുദ്ധവുമായ വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്നും കോടതി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Married woman alleges rape on false promise of marriage kerala hc quashes case