ഗുരുവായൂർ: ക്ഷേത്രനടയില്‍ താലിചാര്‍ത്തി നില്‍ക്കുമ്പോഴായിരുന്നു വധുവിനെ കൊണ്ട് പോകാൻ കാമുകൻ എത്തിയത്. ഇക്കാര്യം വധു മറ്റാരുമറിയാതെ വരന്റെ ചെവിയില്‍ മന്ത്രിച്ചു. താലിമാല ഊരി നൽകുകയും ചെയ്തു. അധികം താമസിച്ചില്ല, കല്യാണച്ചടങ്ങില്‍ കൂട്ടയടി. നിമിഷങ്ങള്‍ക്കുള്ളില്‍ വരന്‍ വിവാഹം ഒഴിവാക്കുകയും ചെയ്തു.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍  മുല്ലശേരി സ്വദേശിനിയായ യുവതിയാണ് കഥാനായിക. കെട്ടുകഴിഞ്ഞു മണ്ഡപത്തില്‍ നിന്നിറങ്ങി വരനും വധുവും ക്ഷേത്രനടയില്‍ തൊഴുതു നില്‍ക്കുമ്പോഴാണു വധു കാമുകനെ ചൂണ്ടിക്കാട്ടി ഇയാള്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് താലിമാലയും ഊരിനല്‍കി.

വരന് തല കറക്കം അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ഇടപെട്ട് വരനേയും വധുവിനെയും വിവാഹസല്‍ക്കാരം നടക്കുന്ന മണ്ഡപത്തിലെത്തിച്ചു. ബന്ധുക്കള്‍ കാര്യഗൗരവം പറഞ്ഞ് മനസിലാക്കിയെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചെങ്കിലും വധു തന്നെ തിരിച്ചു നല്‍കണമെന്ന ആവശ്യം ശക്തമായതോടെ വധു അതിനും തയാറായി. ഇതിനിടയില്‍ വരന്റെ ബന്ധുക്കള്‍ ചെരിപ്പൂരി വധുവിന്റെ ബന്ധുക്കളിലൊരാളെ അടിച്ചതോടെ രംഗം മാറി. പിന്നെ കൂട്ടത്തല്ലായി.

മണ്ഡപത്തിന്റെ ഉടമ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലെത്തി. ഇരു കൂട്ടരേയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരു കൂട്ടരും പിരിഞ്ഞു പോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ