scorecardresearch

സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്

അപകടത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്

കാസര്‍ഗോഡ്: കാസര്‍ഗോട്ട് സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്. മഞ്ചേശ്വരം ബേക്കൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

സാരമായി പരുക്കേറ്റ ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്കു മാറ്റി. രണ്ട് അധ്യാപകരുടെ നില ഗുരുതരമാണെന്നാണു വിവരം. 

അപകടത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായാണ് അറിയുന്നത്. പന്തല്‍ ഉടമ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മിച്ച പന്തല്‍ തകര്‍ന്നത്. നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചഭക്ഷണ സമയമായതിനാല്‍ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. ഇതാണു അപകടത്തിന്റെ വ്യാപ്തി കുറച്ചത്.

സംഭവത്തിൽ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദേശിച്ചു. ഇന്നലെയാണ് ബേക്കൂര്‍ സ്‌കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Marquee collapsed during the kasaragod school science fair