കൊച്ചി: മലയാളികളുടെ ബാങ്കിങ് സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) ഓർമയാകാൻ ഇനി ഒരു പകൽകൂടി മാത്രം. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന പെരുമ ഒരു ദിവസം കൂടി മലയാളികൾക്ക് അവകാശപ്പെടാം. ഏപ്രിൽ 1 മുതൽ എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് ലയിക്കുകയാണ്. മലയാളികളുടെ കാർഷിക മേഖലയുടെ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിയുടെയും നെടുംതാണായി പ്രവർത്തിച്ച എസ്ബിടിക്ക് 72 സുവർണ വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.
തിരുവിതാംകൂർ രാജകുടുംബം 1945 ലാണ് തിരുവിതാംകൂർ കമ്പനി നിയമപരമായി റജിസ്റ്റർ ചെയ്തത്. 1946 ജനുവരി 17ന് പ്രവർത്തനം ആരംഭിച്ച പഴയ ട്രാവൻകൂർ ബാങ്ക് 1959 ലാണ് കേരളത്തിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആകുന്നത്. പിന്നീടിങ്ങോട്ട് കേരളത്തിന്രെ പശ്ചാത്തല വികസനത്തിനും സാമൂഹിക പുരോഗതിക്കുമായി എസ്ബിടി മലയാളിക്കൊപ്പം നടന്നു.
2016 മാർച്ച് 31ലെ കണക്ക് പ്രകാരം, ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും എസ്ബിടി തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 1777 ശാഖകളും 1707 എടിഎമ്മുകളും എസ്ബിടിക്കുണ്ട്. 14,892 ജീവനക്കാരാണ് എസ്ബിടിയുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനുണ്ടായിരുന്നത്. 1,60,473 ലക്ഷം കോടിരൂപയുടെ നിക്ഷേപവും 67,004 കോടി രൂപയുടെ വായ്പകളും എസ്ബിടിക്കുണ്ട്. 36,123 കോടി രൂപയുടെ മൂലധനവും 338 കോടി രൂപയുടെ അറ്റാദായവും എസ്ബിടിയുടെ കൈവശമുണ്ട്. ഇതെല്ലാം ഇനി എസ്ബിഐക്ക് സ്വന്തമാകും.