മറയൂർ: കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മറയൂര്‍ ശര്‍ക്കരയ്ക്കു ഭൗമ സൂചികാ പദവി. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറാണ് മറയൂര്‍ ശര്‍ക്കരയ്ക്കു ഭൗമ സൂചികാ പദവി (ജിഐ ടാഗ്) ലഭിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭൗമ സൂചികാ പദവി ലഭിച്ചതോടെ മറയൂരില്‍ ഉൽപാദിപ്പിക്കുന്ന ശര്‍ക്കര ഇനി മുതല്‍ മറയൂരിന്റെ മാത്രം ഉൽപന്നമെന്ന സവിശേഷതയോടെ വിപണിയിലെത്തിക്കാനാവും.
കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സെല്ലിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മറയൂർ ശര്‍ക്കരയ്ക്കു കേന്ദ്ര സര്‍ക്കാര്‍ ഭൗമ സൂചികാ പദവി നല്‍കിയത്. ഭൗമ സൂചികാ പദവി മറയൂര്‍ ശര്‍ക്കരയ്ക്കു കൂടുതല്‍ വിപണി ഒരുക്കുമെന്നും അഞ്ചുനാട്ടില്‍ ഉൽപാദിപ്പിക്കുന്ന വെളുത്തുള്ളിക്കും വൈകാതെ ഭൗമ സൂചികാ പദവി ലഭിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. മറയൂരില്‍ പരമ്പരാഗത രീതിയില്‍ ഉൽപാദിപ്പിക്കുന്ന ഉണ്ട ശര്‍ക്കര ഔഷധ ഗുണം കൊണ്ടും ഗുണമേന്മ കൊണ്ടും ലോക പ്രസിദ്ധമാണ്. ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവു കുറവുള്ളതുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. കരിമ്പിന്‍ തോട്ടങ്ങളില്‍ താല്‍ക്കാലികമായി നിര്‍മിക്കുന്ന ആലകളില്‍ കരിമ്പു കുറുക്കി കൈ ഉപയോഗിച്ചാണ് മറയൂര്‍ ഉണ്ട ശര്‍ക്കര നിര്‍മിക്കുന്നത്.

ഭൗമസൂചികാ പദവി ലഭിച്ചതോടെ വ്യാജ ശര്‍ക്കരയുടെ വരവിനു തടയിടാനാകുമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഐപിആര്‍ സെല്‍ കോ ഓര്‍ഡിനേറ്ററും പ്രൊഫസറുമായ സി.ആര്‍.എല്‍സി പറഞ്ഞു. ഭൗമ സൂചികാ പദവി കര്‍ഷകര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ തുറന്നു നല്‍കുന്നതിനോടൊപ്പം ആരെങ്കിലും വ്യാജ ശര്‍ക്കര വിപണിയിലെത്തിച്ചാല്‍ ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനും കഴിയും. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ഷിക സര്‍വകലാശാലയിലെ ഐപിആര്‍ സെല്‍ ഭൗമ സൂചികാ പദവി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തുകയായിരുന്നു, എല്‍സി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നു വന്‍തോതില്‍ വ്യാജ ശര്‍ക്കര എത്തുന്നതിനാല്‍ മറയൂര്‍ ശര്‍ക്കരയ്ക്കു മതിയായ വില ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കിലോയ്ക്ക് 45- മുതല്‍ 47 രൂപവരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത്. വിലത്തകര്‍ച്ച മൂലം കര്‍ഷകരില്‍ പലരും കരിമ്പുകൃഷി ഉപേക്ഷിച്ചു മറ്റു കൃഷികളിലേക്കു മാറുകയാണ്. ഭൗമ സൂചികാ പദവി കൂടുതല്‍ വിപണിയും വിലയും ഉറപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നതായി മറയൂരിലെ വ്യാപാരിയും കരിമ്പു കര്‍ഷകനുമായി ജി.രാജന്‍ പറഞ്ഞു.