പത്തനംതിട്ട: പ്രസിദ്ധമായ മാരാമൺ കൺവൻഷനു തുടക്കം. ഇന്നുച്ചയ്ക്കു 2.30 നു മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ ശതോത്തര രജത ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 125 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയിലാണ് ഇത്തവണ മാരാമൺ കൺവെൻഷൻ നടക്കുന്നത്.
നിരവധിപേരാണ് പമ്പ മണപ്പുറത്തു നടക്കുന്ന മാരാമൺ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുക. ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 15നു രാവിലെ 10നു നടക്കും. 16ന് ഉച്ചയ്ക്കു ശേഷമുള്ള യോഗത്തോടെ കൺവൻഷൻ സമാപിക്കും.
Read Also: Horoscope of the week (Feb 9-Feb 15, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
സഭയിലെ ബിഷപ്പുമാർക്കു പുറമെ വനിതാ ആർച്ച് ബിഷപ് കെയ് മാരി ഗോഡ്‌സ്‌വർത്തി (ഓസ്ട്രേലിയ), ബിഷപ് ഡിനോ ഗബ്രിയേൽ (ദക്ഷിണാഫ്രിക്ക), റവ.ഡോ. മോണോദീപ് ദാനിയേൽ (ഡൽഹി), റവ.ഡോ. ജോൺ സാമുവൽ (ചെന്നൈ) എന്നിവരും കൺവൻഷനിൽ പ്രസംഗിക്കും. 1895 ലാണ് മാരാമൺ കൺവൻഷൻ ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്‌തീയ ആത്മീയസംഗമമാണ് ഇത്.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായിട്ടുളള ബൈബിള്‍ ക്ലാസുകളും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും.
12ന് രാവിലെ 10ന് നടക്കുന്ന എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര് പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനമാണു നടത്തുന്നത്.