മരട്: സുപ്രീം കോടതി നിർദേശമനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ 10.30ന് അടിയന്തര കൗൺസിൽ ചേരുന്നുണ്ട്. യോഗത്തിന് ശേഷം താമസക്കാർക്ക് സ്വമേധയാ ഒഴിയാനുള്ള നോട്ടീസ് നൽകുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ 20ന് മുമ്പ് ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടു മരട് നഗരസഭയ്ക്കു സർക്കാർ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നത്. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിന് ഏകദേശം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Also Read: മരടിലെ പൊളിക്കേണ്ട ഫ്‌ളാറ്റുകള്‍ ചീഫ് സെക്രട്ടറി പരിശോധിച്ചു
ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് ഫ്ലാറ്റുകൾ പരിശോധിച്ചിരുന്നു. ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരേ താമസക്കാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ഒരു ഫ്ലാറ്റ് മാത്രം സന്ദർശിച്ച് ചീഫ് സെക്രട്ടറി മടങ്ങി. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സന്ദർശനത്തിനുശേഷം ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, നിയമലംഘനം കണ്ടെത്തിയ ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ ഗോൾഡൻ കായലോരം റസിഡന്റ്സ് അസോസിയേഷനും 15 ഫ്ലാറ്റുടമകളും നാളെ പിഴവുതിരുത്തൽ ഹർജി നൽകിയേക്കും. നേരത്തെ നാല് താമസക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജിയും നൽകിയിരുന്നു.