കൊച്ചി: മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിലംപതിച്ചു. രാവിലെ 11.18 നാണ് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർന്നുവീണത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയായതും രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു.

Kochi Maradu Flats Demolition Live: സ്‌ഫോടനത്തിന് തയ്യാറായി മരട്; ആദ്യ സൈറൺ മുഴങ്ങി

സ്ഫോടനം കാണാൻ പരിസര പ്രദേശങ്ങളിൽ നിരവധി പേർ തടിച്ചു കൂടിയിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രമേ ജനങ്ങൾ സ്ഫോടനം കാണാവൂവെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി എട്ട് മണിക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് മണി വരെയാണ് നിരോധനാജ്ഞ.

കുണ്ടന്നൂർ-തേവര പാലത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. എട്ട് മണി മുതൽ ഒമ്പത് മണിക്കുള്ളിൽ പരിസര പ്രദേശത്ത് നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിക്കും. 200 മീറ്റർ പരിധിയിലാണ് നിയന്ത്രണം. ഈ പരിധിയിൽ ഡ്രോൺ പറത്തിയാൽ വെടിവച്ചിടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സ്ഫോടനത്തിനു മുന്നോടിയായി രണ്ടു ഫ്ലാറ്റ് പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ വാടക വീടുകളിലേക്കു മാറിയിരുന്നു. സ്‌ഫോടനത്തിനുശേഷം പരിസരം പൂർണ സുരക്ഷിതമെന്നു ഉറപ്പു വരുത്തിയാൽ മാത്രമേ ഇവരെ വീടുകളിലക്ക് മടക്കി അയയ്ക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.