കൊച്ചി: മരടിലെ ഫ്ളാറ്റുടമകള്‍ നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടറും സബ് കലക്ടറും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒഴിഞ്ഞു പോകാമെന്നും കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും ഉടമകള്‍ അറിയിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കലക്ടര്‍ സുഹാസ്, സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിജയ് സാക്കറെ എന്നിവർ ഫ്ളാറ്റുടമകളുമായി സംസാരിച്ചു. മൂന്നാം തീയതിയാണ് ഒഴിയാനായി നല്‍കിയിരിക്കുന്ന സമയ പരിധി. അന്നു തന്നെ ഒഴിയാമെന്ന് ഉടമകള്‍ അറിയിച്ചു.
Read More: ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് നടുവിൽ മരട് ഫ്ലാറ്റുടമകൾ
ഫ്ളാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹോളി ഫെയ്ത് ഫ്ളാറ്റിലെ ജയകുമാര്‍ നടത്തി വന്ന നിരാഹാര സമരം പിന്‍വലിക്കാനും തീരുമാനമായി. നാലാം തീയതി രാവിലെ വരെ വൈദ്യുതി-ജലവിതരണം ലഭ്യമാക്കുമെന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം.
മാറി താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്നു ഫ്ളാറ്റുടകമകള് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റുകള്‍ ഒഴിയേണ്ടി വരുന്നവര്‍ക്ക് താമസ സൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ അറിയിച്ചു. പുനരധിവാസ പദ്ധതിക്ക് ജില്ലാ ഭരണകൂടം അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഇതിനായി ഫ്ളാറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടിക ഫ്ളാറ്റുടമകള്‍ക്ക് കൈമാറി.