കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കുന്നതിന് മരട് നഗരസഭയുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും കലക്ടർ പറഞ്ഞു..
ഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും രോഗികളെയും അവിടെ നിന്നും മാറ്റുന്നതിന് ബന്ധുക്കള്‍ സഹകരിക്കണം. വൈദ്യസഹായമടക്കം ആവശ്യമായ എല്ലാ പിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കും. ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ ഉടനെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
മരടിലെ ഫ്ലാറ്റുകളിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പൊളിക്കാനുള്ള ആക്ഷൻ പ്ലാൻ സർക്കാർ തയ്യാറാക്കി. ഞായറാഴ്ച (സെപ്റ്റംബർ 29) മുതൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.
Read Also: മരട്: ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും; വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ഫ്ലാറ്റുകളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാലു ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പുലർച്ചെ അഞ്ച് മണിയോടെ ജീവനക്കാർ എത്തിയാണ് ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് വൈദ്യുതി വിച്ഛേദിച്ചത്. വാട്ടര്‍ അതോറിറ്റിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ഫ്ലാറ്റുകളില്‍ കുടിവെള്ള വിതരണവും തടസപ്പെടും.
മരട് വിഷയത്തിൽ സുപ്രീം കോടതിയിൽനിന്ന് അതിരൂക്ഷ വിമർശനം കേട്ടതിനു പിന്നാലെയാണു ഫ്ലാറ്റുകൾ പൊളിക്കാൻ ദ്രുതഗതിയിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. മരടിൽ സർക്കാരിന്റേതു കുറ്റകരമായ അനാസ്ഥയാണെന്നു സുപ്രീം കോടതി വിമർശിച്ചിരുന്നു. ഫ്ലാറ്റുകളുടെ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.