ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ നിന്ന് നിലപാട് മാറ്റാതെ സുപ്രീം കോടതി. മരടിലെ ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20 ന് മുന്‍പ് നിര്‍ബന്ധമായും പൊളിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ആവര്‍ത്തിച്ചു. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന സൂചനയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര നല്‍കുന്നത്. സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു എന്ന വാദം വെറും തന്ത്രമാണെന്നും സുപ്രീം കോടതി പറഞ്ഞു.

Read Also: ഫ്‌ളാറ്റ് ഉടമകള്‍ ‘ഫ്‌ളാറ്റ്’; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി

ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന് ആവര്‍ത്തിച്ച കോടതി ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 23 ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണം. ഫ്‌ളാറ്റ് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണം. ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്ന കാര്യത്തില്‍ അലംഭാവം വരുത്തിയാല്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിസന്ധിയിലായത്.

മരട് നഗരസഭയിലെ അഞ്ച് അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

Read Also: ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍; ചരിത്ര നിമിഷത്തിന് മണിക്കൂറുകള്‍ മാത്രം

മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.