കൊച്ചി: നിയമലംഘനം കണ്ടെത്തിയ മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിർദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു.

നിയമാനുസൃതമായല്ല നോട്ടീസ് നൽകിയതെന്ന് ഫ്ലാറ്റുടമകൾ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടീസുകളിൽ പറയുന്നത്. അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഫ്ലാറ്റ് ഉടമകൾ.

Also Read: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്; ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും

അതേസമയം, പ്രതിഷേധം ശക്തമാക്കുകയാണ് ഫ്ലാറ്റുടമകൾ. നാളെ മുതൽ മരട് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തും. ഫ്ലാറ്റിന് മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങും. തിരുവോണ ദിവസം ഫ്ലാറ്റുടമകള്‍ നഗരസഭയ്ക്ക് മുന്‍പില്‍ നിരാഹാരമിരുന്നിരുന്നു.

ഒഴിപ്പിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.