കൊച്ചി: പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരട് ഫ്ലാറ്റിലെ താമസക്കാര്‍ ഇന്ന് ഒഴിയണം. കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ഫ്ലാറ്റ് ഒഴിയണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്. തങ്ങള്‍ ഒഴിയില്ലെന്നാണ് ഫ്ലാറ്റുടമകള്‍ പറയുന്നത്. ഫ്ലാറ്റുടമകള്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. സമയപരിധി അവസാനിച്ചാലും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം മാത്രം തുടർനടപടികളിലേക്കു കടക്കാനാണ് മരട് നഗരസഭാ സെക്രട്ടറിയുടെ തീരുമാനം.

Read Also: Horoscope of the week (Sept 15-Sept 21, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

375 കുടുംബങ്ങളാണ് ഫ്ലാറ്റുകളിലുള്ളത്. ഇവരെ  ഒഴിപ്പിക്കുകയാണെങ്കിൽ മാറ്റി പാർപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ആരിഫ് ഖാൻ പറഞ്ഞു.

മരടിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി കേരള ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.  വിഷയത്തിൽ ഇടപെടാൻ ആലോചിക്കുന്നുണ്ടെന്നും അത് എങ്ങനെയാണെന്ന് ഇപ്പോൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും ഗവർണർ അറിയിച്ചു. കോൺഗ്രസ് നേതാവ് കെ.വി.തോമസാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ട്രംപ്

ഫ്ലാറ്റ് ഉടമകളായ 450 പേർക്കും കുടുംബാംഗങ്ങൾക്കും സ്വാഭാവികനീതി നിഷേധിക്കപ്പെട്ട കാര്യം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നു കെ.വി.തോമസ് പറഞ്ഞു. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സംസാരിക്കാമെന്നു ഗവർണർ നേരത്തെ അറിയിച്ചിരുന്നു. നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് നടപടികളെടുക്കുമെന്ന് ഗവർണർ വ്യക്തമാക്കി.

സർക്കാരിനെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: ഫ്ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് സുപ്രീം കോടതി കേള്‍ക്കണമായിരുന്നു: കോടിയേരി ബാലകൃഷ്ണന്‍

ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ അസാധാരണമായ വിധിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച് വേണമായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമായിരുന്നു. നിയമലംഘനം നടന്ന സമയത്ത് ഇതെല്ലാം ചോദ്യം ചെയ്യേണ്ടതായിരുന്നു. ഫ്ലാറ്റ് പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ അന്നേ നടപടി സ്വീകരിക്കാമായിരുന്നു. ഇപ്പോള്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയ ശേഷം നടപടിയുണ്ടായത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.