കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ അസാധരണമായ വിധിയെന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വശങ്ങളും പരിശോധിച്ച് വേണമായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഫ്ലാറ്റ് ഉടമകള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമായിരുന്നു. നിയമലംഘനം നടന്ന സമയത്ത് ഇതെല്ലാം ചോദ്യം ചെയ്യേണ്ടതായിരുന്നു. ഫ്ലാറ്റ് പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ അന്നേ നടപടി സ്വീകരിക്കാമായിരുന്നു. ഇപ്പോള്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങിയ ശേഷം നടപടിയുണ്ടായത് വിചിത്രമായ കാര്യമാണെന്ന് കോടിയേരി പറഞ്ഞു. മരടിലെ ഫ്ലാറ്റുടമകള്‍ക്ക് പിന്തുണയുമായാണ് കോടിയേരി ബാലകൃഷ്ണന്‍ എത്തിയത്.

ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ഉറപ്പ് നൽകിയിട്ടുണ്ട്. നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ മരടിൽ പറഞ്ഞു.

Read Also: മരട് ഫ്ലാറ്റ്: സർക്കാർ ഇരയ്ക്കപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മരടിൽ എത്തിയിരുന്നു. സർക്കാരിനെ കുറ്റപ്പെടുത്തിയ ചെന്നിത്തല ഫ്ലാറ്റുടമകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മടങ്ങിയത്. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപ്പെടണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

“ഇരയ്ക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം,” രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിനായി നഗരസഭ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ ഫ്ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിർദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു. ഇന്ന് മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ് ഫ്ലറ്റുടമകൾ. മരട് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തും. ഫ്ലാറ്റിന് മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങും. തിരുവോണ ദിവസം ഫ്ലാറ്റുടമകള്‍ നഗരസഭയ്ക്ക് മുന്‍പില്‍ നിരാഹാരമിരുന്നിരുന്നു.

Read Also: അവളുടെ കാത്തിരിപ്പായിരുന്നു ഐസിയുവിൽ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്: സലിം കുമാർ

ഒഴിപ്പിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.