കൊച്ചി: അനധികൃത നിർമാണത്തെ തുടർന്ന് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ഒക്ടോബർ നാലുവരെയാണ് ഒഴിഞ്ഞു പോകാൻ താമസക്കാർക്ക് അനുവദിച്ചിരിക്കുന്ന സമയം. വിധിയെ എതിർക്കുമ്പോഴും വിധി നടപ്പാക്കുന്നതിനെ ഫ്ലാറ്റുടമകൾ എതിർക്കുന്നില്ല. എന്നാൽ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. ഞായറാഴ്ച മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
അഞ്ചു ദിവസം കൊണ്ട് ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ എങ്ങോട്ടാണ് പോകേണ്ടതെന്നോ എവിടെയാണ് പകരം താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നോ അറിയില്ലെന്ന് ഫ്ലാറ്റുടമകൾ പറയുന്നു. പ്രാഥമിക നഷ്ടപരിഹാര തുക ഒഴിഞ്ഞു പോകുന്നതിനു നൽകണം, അതുവരെ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ഫ്ലാറ്റുടമകൾ ഉന്നയിക്കുന്നു.
Also Read: മരട് ഫ്‌ളാറ്റ്: ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് മുതല്‍
“അഞ്ചു ദിവസം കൊണ്ട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് നിയമപരമായ നോട്ടീസൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. എങ്ങോട്ടാണു പോകേണ്ടത്? പകരം സംവിധാനം എന്താണ്? ആരാണ് ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്? എപ്പോഴാണ്, എങ്ങനെയാണ് നഷ്ടപരിഹാരം നൽകുന്നത്? ഇക്കാര്യങ്ങളൊന്നും വ്യക്തമല്ല. ഉറപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളത്” ഫ്ലാറ്റുടമയായ മനോജ് സി.നായർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ഒഴിഞ്ഞു പോകുന്നതിനും പുനരധിവാസത്തിനുമായി സുപ്രീംകോടതി കൂടുതൽ സമയം അനുവദിക്കണമായിരുന്നുവെന്നും അതുണ്ടായില്ലെന്നും ഫ്ലാറ്റുടമകൾ അഭിപ്രായപ്പെട്ടു.
“സുപ്രീംകോടതി വിധിയെ മാനിക്കുന്നു. കൂടുതൽ സമയം നൽകി സമാധാനപരമായി ഇറങ്ങി പോകാനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കണം. ഞങ്ങൾ സർക്കാരിനെ ബ്രോക്കറായിട്ടല്ല കാണുന്നത്. ഇഷ്ടപ്പെട്ട സ്ഥലം കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കും. സർക്കാർ ഞങ്ങൾക്ക് നീതിനടപ്പാക്കി തരേണ്ടവരാണ്. അതുകൊണ്ട് ഞങ്ങളെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരാണ്. ” നിരാഹാര സമരം നടത്തുന്ന ജയകുമാർ വെള്ളിക്കാവ് പറഞ്ഞു.
Also Read: മരട് ഫ്ലാറ്റിലെ താമസക്കാർ ഒഴിഞ്ഞു തുടങ്ങി
ഫ്ളാറ്റുകൾ ഒഴിയാൻ തയ്യാറാണെന്നും കുറച്ചുകൂടി സമയം വേണമെന്നും ഫ്ളാറ്റുടമകൾ ആവശ്യപ്പെട്ടു. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ സർക്കാർ നടപടികളോടു സഹകരിക്കുമെന്നും ഫ്ലാറ്റുടമകൾ വ്യക്തമാക്കി. ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുടമകൾക്ക് ജില്ലയുടെ പരിധിയിൽത്തന്നെ മറ്റു ഫ്ലാറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, വാടക ഫ്ലാറ്റുടമകൾ നൽകണമെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ വാടകയും സർക്കാർ നൽകണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം.
അതേസമയം, നിർബന്ധിച്ച് ഫ്ളാറ്റുടമകളെ ഇറക്കിവിടില്ലെന്നു സബ് കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. ഫ്ളാറ്റുടമകളെ ഇറക്കാൻ ബലം പ്രയോഗിക്കില്ല. സാധനങ്ങൾ മാറ്റാൻ സർക്കാർ സഹായം നൽകും. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കും. കുടുംബങ്ങൾ സ്വയം ഒഴിഞ്ഞുപോകണം. ഒഴിപ്പിക്കുന്ന സമയത്ത് താമസിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുമെന്നും സ്നേഹിൽ കുമാർ വ്യക്തമാക്കി.
മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.