കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരട് ഫ്ലാറ്റിലെ താമസക്കാർക്ക് ഒഴിയുന്നതിനുള്ള സമയം അവസാനിച്ചു. ഇന്നലെവരെയായിരുന്നു താമസക്കാർക്ക് ഒഴിയാൻ നഗരസഭ അനുവദിച്ച സമയം. എമ്പതിലധികം താമസക്കാർ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഇനിയും ഒഴിയാനുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 12 നകം താമസക്കാരെല്ലാം ഫ്ലാറ്റ് വിട്ട് പോകണമെന്നാണു ഉത്തരവെങ്കിലും വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ലാ കലക്ടര്‍ കൂടുതൽ സമയം അനുവദിച്ചിരുന്നു.

മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 കുടുംബങ്ങൾ താമസിക്കുന്നു. ഇതിൽ 243 ഓളം കുടുംബങ്ങൾ ഇതിനോടകം താമസം ഒഴിഞ്ഞു. ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് വീട്ടു സാധനങ്ങൾ മാറ്റുന്നതിന് ജില്ല ഭരണകൂടം കൂടുതൽ സമയം അനുവദിച്ചത്. സാധനങ്ങൾ മാറ്റുന്നതുവരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.

Read Also: ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് നടുവിൽ മരട് ഫ്ലാറ്റുടമകൾ

മരടിൽ നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചുനീക്കാനും ബാക്കിദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്നു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണു സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

അതേസമയം, മരട് ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ എല്ലാം മരട് നഗരസഭയിൽ നിന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് ആയിരിക്കെ ഭരണസമിതി അംഗങ്ങളായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്തു. ഫ്ലാറ്റ് ഉടമകളിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.