തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് വി.എസ്.അച്യുതാനന്ദൻ. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടുള്ളതെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിച്ച നിർമാതാക്കളെ കരിമ്പട്ടികയിൽപ്പെടുത്തണം. അവർക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിഎസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിയമങ്ങള്‍ ലംഘിച്ച് നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്കാര്യം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍നിന്ന് സ്റ്റേ നേടിയ ശേഷം നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്യുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്.

Read Also: മരട് ഫ്ലാറ്റ് പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയത് 13 കമ്പനികള്‍; കേരളത്തില്‍ നിന്ന് ആരുമില്ല

പാറ്റൂര്‍ ഫ്ലാറ്റ് അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിർമാണത്തിന്‍റേയും വിറ്റഴിക്കലിന്‍റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്‍റെ ബാധ്യത പൊതുജനം ഏറ്റെടുക്കണമെന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും. ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സർവകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളതെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകീട്ട് നടക്കും. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ, ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ അറ്റോർണി ജനറൽ മുഖേന സുപ്രീം കോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ലാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി ഈ മാസം 20ന് കോടതിയിൽ സമർപ്പിക്കും.

Read Also: മരട്, ഡിഎൽഎഫ് നിയമലംഘനങ്ങൾ: രണ്ട് കേസുകൾ, രണ്ട് നീതികൾ

ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ മുന്നൊരുക്കങ്ങളില്ലാതെ പൊളിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ അറ്റോർണി ജനറൽ വഴി കോടതിയെ അറിയിക്കാനാണ് ശ്രമം. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി സംസ്ഥാന സർക്കാർ ആലോചനകൾ തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.