മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്; ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും

കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും

holy faith, maradu, ie malayalam

കൊച്ചി: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി മരടിലെ നിയമലംഘനം നടന്ന ഫ്ലാറ്റുകളിലെ ഉടമകൾക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫ്ലാറ്റുടമകൾ. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും.

ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും. ഹർജി സമർപ്പിക്കുന്നതിന്റെ ഭാഗമായി ഉടമകൾ നഗരസഭയിലെത്തി നോട്ടീസ് കൈപറ്റും. നേരത്തെ നോട്ടീസ് നൽകാൻ നഗരസഭ അധികൃതർ എത്തിയപ്പോൾ ഉടമകൾ കൈപ്പറ്റിയിരുന്നില്ല.

അതേസമയം, നിലവിലെ നടപടി വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. കുടിയൊഴിയണമെന്ന് കാട്ടി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകിയതുൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അതേസമയം, തിരുവോണ ദിവസമായ ഇന്നലെ ഫ്ലാറ്റുടമകള്‍ നഗരസഭയ്ക്ക് മുന്‍പില്‍ നിരാഹാരമിരുന്നു. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധം കടുപ്പിച്ച് ഫ്ലാറ്റുടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. പെട്ടെന്ന് ഇറങ്ങി പോകണമെന്ന് പറഞ്ഞാല്‍ തങ്ങള്‍ എങ്ങോട്ട് പോകാനാണെന്ന് ഫ്ലാറ്റുടമകള്‍ ചോദിക്കുന്നു. അഞ്ചല്ല, അമ്പത് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് തന്നാലും തങ്ങള്‍ എങ്ങോട്ടും ഇറങ്ങില്ലെന്നും ഫ്ലാറ്റുടമകള്‍ പറയുന്നു.

Read Also: നടപടി എടുക്കുമ്പോൾ ഞങ്ങളുടെ കാര്യംകൂടി നോക്കണ്ടേ?; മരട് ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാരായ സിനിമ പ്രവർത്തകർ

സുപ്രീം കോടതി നിർദേശമനുസരിച്ചാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുന്നത്. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ കഴിഞ്ഞ ദിവസം ​അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോഗം ചേ​ർന്നിരുന്നു. ഇതിനു ശേഷമാണ് മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒട്ടിച്ചത്.

സെപ്റ്റംബർ 20ന് മുമ്പ് ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ടു മരട് നഗരസഭയ്ക്കു സർക്കാർ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നത്. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിന് ഏകദേശം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Maradu flat issue owners to file writ petition

Next Story
വാഹന നിയമലംഘനം: പഴയ പിഴത്തുക പുനസ്ഥാപിക്കില്ല, നിരക്ക് പുതുക്കി നിശ്ചയിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍Phone call controversy, kerala phone call controversy, ഫോൺ വിളി വിവാദം, എ.കെ.ശശീന്ദ്രൻ, മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ, mangalam channel, മംഗളം ചാനൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com