കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഇന്നും ഒഴിപ്പിക്കല്‍ നടപടി തുടരും. ആരെയും ബലംപ്രയോഗിച്ച് ഒഴിപ്പിക്കില്ല. ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കാമെന്ന് ഫ്‌ളാറ്റുടമകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് ഫ്‌ളാറ്റുടമകള്‍ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മൂന്ന് വരെയാണ് ഫ്‌ളാറ്റുടമകള്‍ക്ക് സ്വമേധയാ ഒഴിഞ്ഞുപോകാനുള്ള സമയം. അതിനുള്ളില്‍ എല്ലാവരും ഒഴിഞ്ഞുപോകാനാണ് സാധ്യത.

അതേസമയം, നേരത്തെ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ വീണ്ടും സമരം ചെയ്യുമെന്ന് ഫ്‌ളാറ്റുടമകള്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് കലക്ടര്‍ കഴിഞ്ഞ ദിവസം ഫ്‌ളാറ്റുടമകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Read Also: Horoscope Today September 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നു. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ഫ്‌ളാറ്റുടമകള്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കലക്ടര്‍ സുഹാസ്, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിജയ് സാക്കറെ എന്നിവർ ഫ്‌ളാറ്റുടമകളുമായി സംസാരിച്ചു.

മാറി താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്നു ഫ്‌ളാറ്റുടകമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ ഒഴിയേണ്ടി വരുന്നവര്‍ക്ക് താമസ സൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ അറിയിച്ചു. പുനരധിവാസ പദ്ധതിക്ക് ജില്ലാ ഭരണകൂടം അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഇതിനായി ഫ്‌ളാറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടിക ഫ്‌ളാറ്റുടമകള്‍ക്ക് കൈമാറി.

മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയ‌ാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.