കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ കർശന നടപടികളുമായി സർക്കാർ. നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഫ്ലാറ്റ് പൊളിക്കുമ്പോൾ താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം.

മരട് വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഫ്ലാറ്റ് പൊളിക്കാതെ മറ്റു വഴികളില്ലെന്നും കോടതി വിധി നടപ്പിലാക്കാൻ കാലതാമസമുണ്ടായാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.

മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാതെയാകും ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക. ഒക്ടോബർ ആദ്യവാരത്തോടെ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഇതിനായുളള കർമപദ്ധതിയുടെ വിവരങ്ങൾ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. ഫ്ലാറ്റുകളിലേക്കുളള വെളളം, വൈദ്യുതി വിതരണം നിർത്താൻ ജല അതോറിറ്റിക്കും കെഎസ്ഇബിക്കും സർക്കാർ നിർദേശം നൽകി. ഫ്ളാറ്റുകളിലേക്കുള്ള പാചകവാതക കണക്ഷൻ വിച്ഛേദിക്കാൻ ഇന്ധനകമ്പനികൾക്കും നിർദേശം നൽകും.

Read Also: ‘സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ’; മരട് ഫ്ലാറ്റ് കേസിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

മരട് വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് അതിരൂക്ഷ വിമർശനങ്ങൾ കേട്ടതിനു പിന്നാലെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ദ്രുതഗതിയിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. മരടിൽ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറിയായിരിക്കും. കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്നു പറഞ്ഞ കോടതി ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്നും ചോദിച്ചു.

സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ കൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്. എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോയെന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക ഈ നാല് ഫ്ലാറ്റുകളിലെ കുടുംബങ്ങളാകുമെന്നും ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു.

മരട് നഗരസഭയിലെഅഞ്ചു അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.