കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിക്കുകയാണ്. ഇതോടൊപ്പം ചൂണ്ടിക്കാട്ടേണ്ട ഒന്നാണ്, പരിസ്‌ഥിതി നിയമ വ്യവസ്‌ഥകൾ ലംഘിച്ച് നിർമ്മാണം നടത്തിയ കൊച്ചി ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്ലാറ്റുകൾ പൊളിച്ചുനീക്കേണ്ടതില്ല, ഒരു കോടി രൂപ പിഴയൊടുക്കിയാൽ മതിയെന്ന സുപ്രീം കോടതി വിധിയും.

കഴിഞ്ഞ വര്‍ഷം ജനുവരി 10 ന് ആര്‍ എഫ് നരിമാന്‍, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച്, സിആര്‍സെഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു കോടി രൂപ പിഴ ചുമത്തി, 185 യൂണിറ്റുകളുള്ള ഡിഎല്‍എഫ് അപ്പാര്‍ട്ട്‌മെന്റ് പദ്ധതി നിയമാനുസൃതമാക്കാനുള്ള കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ശരിവച്ചിരുന്നു.

നിയമലംഘനം നടന്നു എന്ന ആരോപണങ്ങൾക്ക് വ്യക്തതയില്ലെന്നും, കേരള തീരമേഖല മാനേജ്മെന്റ് അതോറിറ്റി (കെസിഇഎസ്എംഎ) ഉടനടി പ്രവർത്തിച്ചിരുന്നെങ്കിൽ ചിത്രം വ്യക്തമാകുമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സി‌ആർ‌സെഡ് നിയമലംഘനത്തെക്കുറിച്ച് ഹൈക്കോടതി നടത്തിയ കണ്ടെത്തലുകൾ റദ്ദാക്കിയിരുന്നെങ്കിലും, മുൻ‌കൂട്ടി പാരിസ്ഥിതിക അനുമതിയില്ലാതെ നിർമാണം ആരംഭിച്ചതിന് ഒരു കോടി രൂപ പിഴയടയ്ക്കാൻ നിർമ്മാതാവിനോട് ആവശ്യപ്പെട്ടു.

ഡി‌എൽ‌എഫ് പദ്ധതി കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ അധികാര പരിധിയിയിലും, പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരിക്കുന്ന നാല് അപ്പാർട്ട്മെന്റ് പദ്ധതികൾ മരട് മുനിസിപ്പാലിറ്റിയുടെ കീഴിലുമാണ് വരുന്നതെങ്കിലും, രണ്ട് പദ്ധതികളും ചിലവന്നൂർ തടാകത്തിന്റെ തീരത്താണ്.

തീരദേശ നിയമങ്ങൾ ലംഘിച്ചാണ് നിർമാണം നടക്കുന്നതെന്നും അതിനാൽ ഡിഎൽഎഫ് ഫ്ലാറ്റുകൾ പൊളിക്കണമെന്നും 2012-ൽ, കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലുകൾ 2014ൽ ഡിവിഷൻ ബെഞ്ചും ശരിവച്ചിരുന്നു. എന്നാൽ ഇത് നിലനിർത്തുന്നതിനെക്കാൾ ദോഷകരമായിരിക്കും പൊളിച്ച് മാറ്റുന്നത് എന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കെട്ടിടം പൊളിച്ച് മാറ്റുന്നതിലൂടെ പരിസ്ഥിതിക്ക് സംഭവിക്കാനിടയുള്ള അധിക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി ഇത് നിലനിർത്താനും എന്നിരുന്നാലും, പരിസ്ഥിതിക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് പിഴയായി കെട്ടിട നിർമ്മാതാവ് പണം നൽകാനും കോടതി ഉത്തരവിട്ടു.

ജലാശയത്തോട് കൂടുതൽ അടുക്കുന്ന മറ്റ് കെട്ടിടങ്ങളുടെ നിർമ്മാതാക്കൾക്കെതിരെ സംസ്ഥാന സർക്കാരോ കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റിയോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

ചട്ടങ്ങൾ ലംഘിച്ച് ചിലവന്നൂരിന്റെ തീരത്ത് നിരവധി കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ടെന്ന് 2012 ൽ കെസിഇഎസ്എംഎയുടെ ഉപസമിതി റിപ്പോർട്ട് ഉദ്ധരിച്ച് ബെഞ്ച് ചൂണ്ടിക്കാട്ടി. ഗാലക്സി ഡെവലപ്പേഴ്‌സിന്റെ രണ്ട് പ്രൊജക്ടുകൾ, ഹീര വാട്ടേഴ്‌സ്, അബാഡ് ലോട്ടസ് ലേക്ക്, റെയിൻ ട്രീ റിയൽസ്, അംബാഡി റിസോർട്ട്സ്, ഗോൾഡൻ കായലോരം, ജുവൽ ഹോംസ്, പേൾ ഗാർഡൻ വ്യൂ, വാട്ടർ ഫ്രണ്ട് എൻക്ലേവ് എന്നിവയാണ് റിപ്പോർട്ടിലുണ്ടായിരുന്ന മറ്റ് പേരുകൾ.

ഇവയിൽ, ഇപ്പോൾ പൊളിക്കാൻ ഉത്തരവിട്ട നാല് അപ്പാർട്ടുമെന്റുകളിൽ ഒന്നാണ് ഗോൾഡൻ കായലോരം. മറ്റൊരു കെട്ടിടത്തിനെതിരെയും പ്രാദേശിക ഭരണസമിതിയോ കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റിയോ നടപടിയെടുത്തിട്ടില്ല.

ഈ വർഷം ജൂൺ വരെ കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റി അംഗമായിരുന്ന അഭിഭാഷകൻ പ്രകാശ് വടക്കൻ പറയുന്നത്, സി‌ആർ‌സെഡ് നിയമങ്ങളുടെ ലംഘനം ഉപസമിതി കണ്ടെത്തിയിട്ടുണ്ട് എന്നാണ്. “ആരെങ്കിലും അതോറിറ്റിക്കോ കോടതിക്കോ പരാതി നൽകിയാൽ മാത്രമേ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കൂ.”

മരടിലെ നാല് അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾക്കും ഡി‌എൽ‌എഫ് പദ്ധതിക്കുമെതിരെ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്ന് കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചതായി വടക്കൻ പറഞ്ഞു. “പരാതി ലഭിച്ചപ്പോൾ, ഞങ്ങൾ നിർമ്മാതാക്കൾക്ക് സ്റ്റോപ്പ് മെമ്മോകൾ നൽകി. മെമ്മോകൾ പിൻവലിക്കാൻ അവർ ഹൈക്കോടതിയെ സമീപിച്ചു. അതിനാൽ, സുപ്രീം കോടതിയിൽ കേസ് എത്തിയപ്പോൾ കെസിഇഎസ്എംഎ പ്രതിയായി. ’’

പ്രദേശവാസിയായ എ വി ആന്റണി എന്നയാൾ ഡി‌എൽ‌എഫ് വിഷയം ഹൈക്കോടതിയിൽ എത്തിച്ചിരുന്നു.

ഹൈക്കോടതിയിൽ ഡിഎൽഎഫ് ഫ്ലാറ്റിനെതിരായ ഹർജിയിൽ കക്ഷി ചേർന്ന ചെഷയർ ടാർസൻ പറയുന്നതിങ്ങനെ: “രണ്ട് കേസുകളും ഒരേ വിഷയത്തിൽ കോടതിയുടെ വ്യത്യസ്ത സമീപനങ്ങളാണ് കാണിക്കുന്നത്. തടാകത്തിന്റെ 150 മീറ്റർ ഡി‌എൽ‌എഫ് കൈയ്യേറി. മരടിലെ അപ്പാർട്ടുമെന്റുകളുടെ
നിയമ ലംഘനത്തേക്കാൾ ഗുരുതരമാണ് ഡിഎൽഎഫ് നിയമ ലംഘനങ്ങൾ,’’ അദ്ദേഹം പറഞ്ഞു.

നടപടിയെടുക്കാൻ കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റിക്ക് അധികാരമില്ലെന്ന് വടക്കൻ പറഞ്ഞു. സി‌ആർ‌ഇസെഡ് ലംഘനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട പ്രാദേശിക ഭരണസമിതികൾക്ക് അതോറിറ്റി നിർദ്ദേശം നൽകും. സ്റ്റോപ്പ് മെമ്മോകൾ നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്.”

ഡി‌എൽ‌എഫ് കേസിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ കെസിഇസഡ്എംഎയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

“ഇത് ഉറങ്ങിപ്പോയ ഒരു അതോറിറ്റിയുടെ കഥയാണ് – ഉച്ചതിരിഞ്ഞുള്ള മയക്കമല്ല, മറിച്ച് ഏകദേശം നാല് വർഷമായി തുടരുന്ന ഒരു കുംഭകർണ്ണ ഉറക്കം.’’

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.