കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി ഒരു ദിവസം മാത്രം. ഇതിന് മുന്നോടിയായുളള മോക് ഡ്രില്‍ പൂർത്തിയായി. ചീഫ് സെക്രട്ടറി ടോം ജോസ് നിയന്ത്രിത സ്ഫോടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. എല്ലാം സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ ഫ്ലാറ്റുകളുടെ പരിസരത്ത് പൊലീസും അഗ്നിശമനസേനയും മോക്ക് ഡ്രില്‍ നടത്തി. മോക്ക് ഡ്രില്ലിനിടെ ആളുകളെ ഒഴിപ്പിച്ചിരുന്നില്ല. ശനിയാഴ് രാവിലെ ഒമ്പത് മണിക്കു മുമ്പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സുരക്ഷക്കായി 2000 പൊലീസുകാരെയാണ് സ്ഫോടന ദിവസം വിന്യസിക്കുക.
ശനിയാഴ്ച രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. ജനുവരി 11 ശനിയാഴ് രാവിലെ മുതലാണ് ഫ്ലാറ്റുകള്‍ പൊളിക്കുക. കൃത്യം പതിനൊന്ന് മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. സ്ഫോടനത്തിന് മുന്നോടിയായി ഫ്ലാറ്റിന്‍റെ 200 മീറ്റർ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും.
Read More: മരടിലെ ഫ്ലാറ്റിന് നഷ്ടപരിഹാരം: ഹീര കൺസ്ട്രക്ഷൻസിന്റെ ഹർജി തള്ളി ഹൈക്കോടതി
രണ്ടാം ദിവസം ജെയിൻ കോറൽ കോവിന് ചുറ്റുമുള്ളവർ രാവിലെ ഒൻപത് മണിക്ക് മുമ്പും ഗോൾഡൻ കായലോരത്തിനു സമീപത്തുള്ളവർ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുമ്പും ഒഴിഞ്ഞു പോകണം. ഒഴിഞ്ഞ് പോകുന്നതിനു മുമ്പ് കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും അടക്കണം.
ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം അധികൃതർ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. പതിനൊന്നിന് ഹോളി ഫെയ്‍ത്ത്, ആൽഫ സെറീൻ ടവേഴ്സ് എന്നിവയും പന്ത്രണ്ടിന് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും.
ആൽഫ, ഹോളി ഫെയ്ത് ഫ്ളാറ്റുകളുടെ സമീപത്തു നിന്ന് 133 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് 157 കുടുംബങ്ങളെയും ഒഴിപ്പിക്കും. സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും.