കൊച്ചി: മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടതോടെ മരടിലെ താമസക്കാർ നടത്തി വന്നിരുന്ന നിരാഹരസമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തിൽ ധാരണയായതോടെയാണ് സമരം പിൻവലിക്കാൻ സമരസമിതി തീരുമാനിച്ചത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരത്തെ വീടുകൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് വിപണിമൂല്യത്തിനനുസരിച്ച് ഇൻഷുറൻസ് തുക അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി.
വീടുകൾക്ക് നാശം സംഭവിച്ചാൽ ഇൻഷുറൻസിനു പുറമേ സർക്കാരും നഗരസഭയും ചുമതല വഹിക്കുമെന്ന ഉറപ്പ് ലഭിച്ചതായി സമരസമിതി പറഞ്ഞു. ഏത് ഫ്ലാറ്റ് ആദ്യം പൊളിക്കുമെന്നത് രണ്ടാമത്തെ വിഷയമാണെന്നും തങ്ങളുടെ വീടുകളുടെ സംരക്ഷണത്തിന് ഉറപ്പ് കിട്ടിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്നും സമരസമിതി അറിയിച്ചു.
അതേസമയം ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ക്രമം മാറ്റാൻ തീരുമാനം. നാളെ ചേരുന്ന സാങ്കേതിക സമിതിയുടെ യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ ജനവാസ മേഖലകളെ ബാധിക്കുമെന്ന ആശങ്ക പങ്കുവെച്ച് പ്രദേശവാസികള്‍ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.
ജനവാസം കുറഞ്ഞ മേഖലകളിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികാഘാതം വിലയിരുത്തിയ ശേഷം മറ്റു ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ ഗോള്‍ഡൻ കായലോരം, ജെയിൻ കോറൽ എന്നീ ഫ്ലാറ്റുകള്‍ ആദ്യം പൊളിക്കും. ഇതിന് ശേഷമായിരിക്കും തേവര – കുണ്ടന്നൂര്‍ പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹോളി ഫെയ്ത്ത് എച്ച് ടു ഓ പൊളിക്കുക.