കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ പറഞ്ഞ നാല് ഫ്ലാറ്റുകളിലെ ഏറ്റവും വലിയ കെട്ടിടം ജെയിന്‍ കോറല്‍കോവ് നിലംപൊത്തി. ഇന്ന് രാവിലെ 11.03 നാണ് ജെയിൻ കോറൽകോവ് തകർത്തത്.

സ്‌ഫോടനത്തിന്റെ ഭാഗമായുള്ള ആദ്യ സെെറൺ 10.30 ന് മുഴങ്ങി. രണ്ടാമത്തെ സെെറൺ മുഴങ്ങിയത് 10.55 ന്. കൃത്യം 11 ന് തന്നെ മൂന്നാമത്തെ സെെറൺ മുഴങ്ങിയതിനു പിന്നാലെ സ്ഫോടനം ആരംഭിച്ചു. ഒൻപത് സെക്കൻഡ് നീണ്ട സ്‌ഫോടനത്തിനൊടുവിൽ 11.03 ന് കെട്ടിടം നിലംപൊത്തി.

Read Also: Kochi Maradu Flats Demolition Live Updates: ജെയിൻ കോറൽകോവ് നിലംപൊത്തി; ഇനി ഗോൾഡൻ കായലോരം

പൊളിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ കെട്ടിടമായിരുന്നു ജെയിൻ കോറൽകോവ്. നെട്ടൂർ കായലിനു സമീപമാണിത്. അൻപത് മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് 17 നിലകളുണ്ട്. 125 അപ്പാർട്ട്‌മെന്റുകളാണ് ജെയിൻ കോറൽകോവിലുള്ളത്. നാല് ഫ്ലാറ്റുകളിൽവച്ച് നേരിയ വെല്ലുവിളി ഉയർത്തിയ സമുച്ചയമായിരുന്നു ജെയിൻ കോറൽകോവ്. ഒരു വശം ചരിച്ചുവീ‌ഴ്ത്തുകയാണ് ചെയ്‌തത്. അതിനു പിന്നാലെ മറ്റ് ഭാഗങ്ങളും താഴേക്ക് പതിച്ചു. അതുകൊണ്ടു തന്നെ അവശിഷ്ടങ്ങൾക്ക് അധികം സ്ഥലം വേണ്ടിവന്നില്ല. ഏകദേശം ഒരു നില കെട്ടിടത്തിന്റെ അത്രയും അവശിഷ്ടങ്ങളാണ് ഉണ്ടായിരുന്നത്.

വലിയ കെട്ടിടമായതിനാൽ തന്നെ സ്ഫോടന സമയത്ത് പ്രകമ്പനം കൂടുതലായിരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. ജെയിൻ കോറൽകോവിനെ സ്ഫോടനത്തിലൂടെ കിഴക്ക് ഭാഗത്തേക്ക് ചരിച്ചുവീഴ്ത്തുകയാണ് ചെയ്തത്. ഫ്ലാറ്റിന്റെ നാല് നിലകളിലായാണ് സ്ഫോടനത്തിനുള്ള മരുന്നുകൾ നിറച്ചത്. ഒന്ന്, രണ്ട്, എട്ട്, പതിനാല് എന്നീ നിലകളിലാണ് സ്ഫോടനം നടന്നത്.

ജെയിൻ കോറൽകോവ് നേരിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അധികൃതർ വളരെ ശുഭാപ്‌തിവിശ്വാസത്തിലായിരുന്നു. ജെയിൻ കോറൽകോവിനടുത്ത് വീടുകൾ കുറവായിരുന്നു. അവശിഷ്‌ടങ്ങൾ കായലിലേക്ക് വീഴുമോ എന്ന കാര്യത്തിൽ മാത്രമായിരുന്നു ആശങ്ക. എന്നാൽ, ഒരു ശതമാനം പോലും അവശിഷ്ടം കായലിലേക്ക് വീണില്ല. അത്രയും പെർഫെക്‌ട് ഓപ്പറേഷനാണ് ജെയിൻ കോറൽകോവിൽ നടന്നത്.

ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരിക്കും ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഇതിനു മുന്നോടിയായി ഉച്ചയ്ക്ക് പന്ത്രണ്ടോടെ സമീപത്തുനിന്ന് ആളുകളെ ഒഴിപ്പിക്കും. 1.30 ന് ആദ്യ സൈറണ്‍ മുഴങ്ങുന്നതോടെ പ്രദേശത്തേയക്കുള്ള ചെറിയ റോഡുകള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യും. 1.55 ന് രണ്ടാം സൈറണ്‍ മുഴങ്ങുമ്പോള്‍ ദേശീയ പാതയും ബ്ലോക്ക് ചെയ്യും. രണ്ട് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങും. തൊട്ടുപിന്നാലെയാണ് സ്ഫോടനം നടക്കുക. ഇതോടെ നാല് ഫ്ലാറ്റുകളും സുപ്രീം കോടതി വിധി അനുസരിച്ച് ‘ഫ്ലാറ്റാകും’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.