കൊച്ചി: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച മരടിലെ രണ്ട് ഫ്ലാറ്റുകൾ നിലം പതിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകിയാണ് സ്ഫോടനങ്ങൾ നടന്നതെങ്കിലും രണ്ട് ഫ്ലാറ്റുകളും നിലംപൊത്തുന്നത് കാണാൻ ആയിരങ്ങളാണ് മരടിലെത്തിയത്. പ്രദേശ വാസികൾക്ക് പുറമെ പുറത്തുനിന്നുള്ളവരും ഫ്ലാറ്റ് പൊളിക്കുന്നത് കാണാനെത്തി. പൊളിക്കുന്ന ഫ്ലാറ്റുകളിൽനിന്ന് 200 മീറ്റർ പരിധിയിൽ ആളുകൾക്ക് പ്രവേശനം നിഷേധിച്ചപ്പോൾ, കുണ്ടന്നൂരിനെയും തേവരയെയും ബന്ധിപ്പിക്കുന്ന നെട്ടൂർ പാലം കാഴ്ചക്കാർക്ക് പ്രധാന ഗ്യാലറിയായി.

അതിരാവിലെ തന്നെ ആളുകൾ പാലത്തിൽ നിലയുറപ്പിച്ചു. എന്നാൽ ഇവരെ ഒമ്പതു മണിയോടെ പൊലീസ് നീക്കിത്തുടങ്ങി. പാലത്തിൽ ആരും നിൽക്കരുതെന്നായിരുന്നു പൊലീസ് നിർദേശം. ഇതോടെ ആളുകൾ പാലത്തിനു താഴെ കായലിനോടു ചേർന്ന് കൂട്ടംകൂടി തുടങ്ങി. ഹോളി ഫെയ്ത്ത് തകരുന്നത് വ്യക്തമായി കാണാൻ സാധിക്കുന്ന സ്ഥലമായിരുന്നു അത്. രാവിലെ എട്ടു മുതൽ തന്നെ പാലം തകരുന്നത് കാണാൻ ആളുകൾ എത്തിത്തുടങ്ങിയതാണ്. പത്ത് മണിയോടെ കാഴ്ചക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.

സമീപത്തെ ഹോട്ടലിൽ സ്ഫോടനം കാണുന്നതിന് പ്രത്യേക ഗ്യാലറി ഒരുക്കിയിരുന്നു. ഇതിന് പുറമെ അടുത്തുള്ള മറ്റ് ഫ്ലാറ്റുകളിലും കെട്ടിടങ്ങളിലും ആളുകൾ തടിച്ചുകൂടി. നേരത്തെ, വിവിധ ടൂർ കമ്പനികൾ വിനോദസഞ്ചാരികൾക്കുവേണ്ടി തയാറാക്കിയ യാത്രാപരിപാടിയിൽ മരടിലെ പൊളിക്കുന്ന ഫ്ളാറ്റുകൾ കാണിക്കുന്നത് ഉൾപ്പെടുത്തിയിരുന്നു.

19 നിലയുള്ള എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റില്‍ 11.18നാണ് സ്‌ഫോടനം നടത്തിയത്. എന്നാൽ 10.45ന് ആളുകളുടെ ക്ഷമകെട്ട് തുടങ്ങിയിരുന്നു. കഠിനമായ വെയിലും തിക്കും തിരക്കും ആളുകൾ ദേഷ്യപ്പെടുന്നതിലേക്കും നയിച്ചു. 11ന് സ്ഫോടനം നടക്കാതെ വന്നതോടെ രസകരമായ കമന്റുകളുമായി ചിലർ ആൾകൂട്ടത്തിൽ തലപൊക്കി. 11.18ന് സ്ഫോടനമുണ്ടായതും ഫ്ലാറ്റ് നിലംപതിച്ചതും സെക്കൻഡുകൾക്കുള്ളിൽ. ഇതോടെ ആൾക്കൂട്ടം ആവേശത്തിലായി. ആർപ്പുവിളികളോടെയാണ് പലരും ഫ്ലാറ്റ് തകർന്ന് വീഴുന്നത് കണ്ടത്. ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരത്തിലൊരു കാഴ്ച ഭൂരിഭാഗവും കാണുന്നത്.

പലരും പ്രതീക്ഷിച്ചത് ഭീകരശബ്ദവും സ്ഫോടനവുമൊക്കെയാണെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സംഭവിച്ചത്. കണ്ണടച്ച് തുറക്കും മുമ്പ് എച്ച്ടുഒ ഹോളി ഫെയ്ത്ത് പൊടിപടലമായി മാറി. ഏകദേശം 15 മിനുറ്റുകൾക്ക് ശേഷം പൊടിയുമാ മാറി കെട്ടിടാവശിഷ്ടങ്ങൾ ബാക്കിപത്രമാക്കി ഹോളി ഫെയ്ത്ത് ചരിത്രമായി.

പിന്നാലെ കണ്ണുകൾ ആൽഫ സെറീനിലേക്ക്. രണ്ട് ടവറുകളുള്ള ഫ്ലാറ്റിൽ സ്ഫോടനമുണ്ടായത് 11.43ന്. 16 നിലയുള്ള ആൽഫ സെറീനിലെ ആദ്യ ടവറും സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ ടവറും തകർത്തു. ആ കാഴ്ചയും കണ്ട ശേഷമാണ് പലരും വീടുകളിലേക്ക് മടങ്ങിയത്. നേവിയുടെ എയർ ക്ലിയറൻസ് ലഭിക്കാൻ വൈകിയാതാണ് ഫ്ലാറ്റുകളിൽ സ്ഫോടനം വൈകാൻ കാരണം.

ഫ്ലാറ്റുകൾ നിലംപതിച്ച് കഴിഞ്ഞും മണിക്കൂറുകൾ പ്രദേശം നിശ്ചലമായിരുന്നു. ഏറെ സമയം കഴിഞ്ഞശേഷമാണ് നെട്ടൂർ പാലം തുറന്നത്. പാലത്തിന്റെ ഇരു ഭാഗങ്ങളിലും നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടന്നിരുന്നു. പൊടിപടലം അഗ്നിശമന സേന വെള്ളം ഒഴിച്ച് കഴുകിയശേഷമാണ് പാലം തുറന്നുകൊടുത്തത്.

എന്നാൽ കാഴ്ചക്കാരിൽ ചില ആശങ്കയുടെ കണ്ണുകളുമുണ്ടായിരുന്നു. ഫ്ളാറ്റുകളുടെ സമീപത്ത് വീടുകളുണ്ടായിരുന്നവരാണവർ. സ്ഫോടനത്തിൽ ബഹുനില കെട്ടിടം തകർന്നു വീഴുമ്പോൾ അത് തങ്ങളുടെ വീടുകളിലുണ്ടാക്കുന്ന ആഘാതമെന്താണെന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. മടങ്ങി വീട്ടിലെത്താനുള്ള വെമ്പലും അവരിൽ കാണാമായിരുന്നു. അതേസമയം ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരുമെത്തി പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ആളുകളെ കടത്തിവിട്ടത്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വെടിക്കെട്ടുകളിലൊന്നു നടക്കുന്ന സ്ഥലമാണ് മരട്. വെടിക്കെട്ട് കാണാൻ ആയിരങ്ങളാണു കൊച്ചിയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും മരടിലെത്താറുള്ളത്.  അതിനു സമാനമായ കാഴ്ചയായിരുന്നു ഇന്ന് മരടിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണു ഫ്ളാറ്റുകൾ സ്‌ഫോടനത്തിൽ തകർക്കുന്നതു കാണാൻ ഇന്നലെ മരടിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.