കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ ആശങ്കയകറ്റാൻ വിശദീകരണ യോഗങ്ങൾ നടത്തും. മരട് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണു യോഗം വിളിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ യോഗമാണ് ഇന്ന് സബ്കളക്ടർ വിളിച്ചിരിക്കുന്നത്.

ഫ്ലാറ്റ് പൊളിക്കുമ്പോൾ എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാകും, പ്രദേശവാസികളെ എങ്ങനെ പുനരധിവസിപ്പിക്കും എന്നീ കാര്യങ്ങളിൽ വ്യക്തത നൽകും. ഹോളിഫെയ്ത്തിനടുത്തുള്ളവർക്ക് ഉച്ചകഴിഞ്ഞ് മൂന്നിനും ഗോൾഡൻ കായലോരത്തിന് സമീപം താമസിക്കുന്നവർക്ക് വൈകിട്ട് അഞ്ചിനുമാണ് യോഗം. സബ് കലക്ടർ സ്നേഹിൽ കുമാർ തന്നെയാണ് വിശദീകരണം നൽകുന്നതും.

Also Read: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് കമ്പനികൾക്ക് കൈമാറും; ദൗത്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ

അതേസമയം ഫ്ലാറ്റുകൾ പൊളിപ്പിക്കൽ നടപടികൾക്കു നഗരസഭ അംഗീകാരം നൽകാത്തതിനാൽ ഫ്ലാറ്റുകൾ ഇന്നു കമ്പനികൾക്ക് കൈമാറാൻ സാധിക്കില്ല. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള രണ്ടു കമ്പനികളെ സാങ്കേതിക സങ്കേതിക സമിതി നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഫ്ലാറ്റുകൾ പൊളിക്കുന്നതു നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെയായിരിക്കുമെന്നു സാങ്കേതിക വിദഗ്ധരുടെ യോഗത്തിനു ശേഷം തീരുമാനമായിരുന്നു.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ അപകടഭീതി വേണ്ടെന്നും സുരക്ഷിതമായ രീതി ഉപയോഗിച്ചായിരിക്കും സ്ഫോടനങ്ങൾ നടത്തുകയെന്നും സ്നേഹിൽ കുമാർ അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകൾക്കായി തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.