തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം സമാപിച്ചു. ഇന്ന് വെെകീട്ടായിരുന്നു യോഗം. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ, ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്നങ്ങൾ അറ്റോർണി ജനറൽ മുഖേന സുപ്രീം കോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്ലാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി ഈ മാസം 20ന് കോടതിയിൽ സമർപ്പിക്കും.

മരട് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിധി നടപ്പിലാക്കാൻ ഭരണഘടനാ ബാധ്യതയുണ്ട്. എങ്കിലും ഇതൊരു സവിശേഷമായ കേസാണ്. കേസിൽ സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകർ ഹാജരാകും. കോടതിയെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെടുമെന്ന് യോഗത്തിൽ തീരുമാനിച്ചതിനെ തുടർന്ന് മരടിലെ ഫ്ലാറ്റ് ഉടമകൾ നടത്തിവന്നിരുന്ന റിലേ സത്യഗ്രഹം അവസാനിപ്പിച്ചു. കെട്ടിട നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

ഇത്രയും വലിയ കെട്ടിട്ടങ്ങള്‍ മുന്നൊരുക്കങ്ങളില്ലാതെ പൊളിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ അറ്റോർണി ജനറൽ വഴി കോടതിയെ അറിയിക്കാനാണ് ശ്രമം. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി സംസ്ഥാന സർക്കാർ ആലോചനകൾ തുടങ്ങിയിട്ടുണ്ട്.

Read More: മരട്, ഡിഎൽഎഫ് നിയമലംഘനങ്ങൾ: രണ്ട് കേസുകൾ, രണ്ട് നീതികൾ

അതേസമയം, മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. മൂന്ന് എംപിമാര്‍ ഒഴികെ മറ്റെല്ലാവരും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പിട്ടു. വയനാട് എംപി രാഹുല്‍ ഗാന്ധി, കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്‍, തൃശൂര്‍ എംപി ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിടാത്ത മൂന്ന് പേര്‍. കേരളത്തില്‍ ഇല്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധിക്ക് കത്തില്‍ ഒപ്പിടാന്‍ സാധിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധി ഒഴികെയുള്ള രണ്ട് പേരും അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് കത്തില്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരട് വിഷയത്തില്‍ ടി.എന്‍.പ്രതാപനും എന്‍.കെ.പ്രേമചന്ദ്രനും വ്യത്യസ്ത നിലപാടാണെന്നും അതിനാലാണ് ഒപ്പിടാത്തതെന്നും വാര്‍ത്തകളുണ്ട്. മരടിലേത് പരിസ്ഥിതി പ്രശ്നം കൂടിയായതിനാല്‍ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടി.എന്‍.പ്രതാപന്‍ മറ്റു എംപിമാരെ അറിയിച്ചുവെന്നാണ് വിവരം. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ എന്‍.കെ.പ്രേമചന്ദന്‍ എംപിയും കത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ല.

കേരളത്തിൽ നിന്നുള്ള ഏക ഇടത് എംപിയായ എ.എം.ആരിഫ് കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. എറണാകുളം എംപി ഹൈബി ഈഡനാണ് എംപിമാരെ ഏകോപിപ്പിച്ച് കത്തയക്കാൻ നടപടികൾ സ്വീകരിച്ചത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഫ്‌ളാറ്റുകള്‍ നിയമാനുസൃതം ഉടമകള്‍ക്ക് വിറ്റതാണെന്നും ഇനി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നഗരസഭയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഉടമകള്‍ തന്നെയാണ് ഫ്ലാറ്റിന് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്നും നിർമാതാക്കള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.