കൊച്ചി: മരടിലെ ഫ്ലാറ്റുകൾ വിജയകരമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചപ്പോൾ സമീപവാസികളുടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറിനു സമീപത്തായി നിരവധി വീടുകളുണ്ട്. ഈ വീടുകൾക്ക് കേടുപാടുകൾ ഒന്നും പറ്റിയിട്ടില്ലെന്ന് അധികൃതർ സ്‌ഫോടനത്തിനു ശേഷം അറിയിച്ചിരുന്നു. എന്നാൽ, വീടുകൾക്കുള്ളിൽ കയറിനോക്കിയ ശേഷമാണ് വീട്ടുടമസ്ഥർ പൂർണമായി ആശ്വസിച്ചത്.

വലിയ ആശങ്കയാണ് ഒഴിഞ്ഞതെന്നും വീടുകൾക്ക് പ്രശ്‌നങ്ങളില്ലെന്നും സമീപവാസികൾ പറഞ്ഞു. കാര്യമായ കേടുപാടുകൾ ഒരു വീടിനും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരും പറയുന്നത്. പ്രതീക്ഷിച്ച തരത്തിലുള്ള കേടുപാടുകൾ പോലും ഒരു വീട്ടിലും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ചെറിയ നാശനഷ്‌ടങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിചാരിച്ചതിലും വളരെ ചെറിയ തോതിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. അത് വലിയ ആശ്വാസമാണെന്ന് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ഒരു വീട്ടിലെ ഷീറ്റിൽ വിളളൽ വീണതല്ലാതെ മറ്റൊരു കേടുപാടും സമീപത്തുള്ള വീടുകൾക്ക് സംഭവിച്ചിട്ടില്ല.

അതേസമയം, ആൽഫ ടവറിലെ രണ്ടാമത്തെ സ്‌ഫോടനസമയത്ത് സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും ചില വീടുകൾക്ക് കേടുപാട് പറ്റിയതായും റിപ്പോർട്ടുണ്ട്. ആൽഫ ബി ബ്ലോക്കിന്റെ അവശിഷ്ടങ്ങൾ ചെറിയ തോതിൽ കായലിലേക്ക് വീണിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ ഒരു മാസത്തിനകം നീക്കുമെന്നു ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ ഏറ്റെടുത്ത എഡിഫിസ് എംഡി ഉത്കർഷ് മേത്ത പറഞ്ഞു. കെട്ടിടാവശിഷ്‌ടങ്ങൾ പൂർണമായും നീക്കം ചെയ്യാൻ 70 ദിവസം വേണമെന്നാണ് അധികൃതർ അറിയിച്ചത്.

Read Also: നിമിഷങ്ങൾക്കുളളിൽ നിലംപരിശായി മരടിലെ ഫ്ലാറ്റുകൾ, ചിത്രങ്ങൾ

തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നു പൊളിച്ചത്. ഇന്നു രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്.

നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.