ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സമീപവാസിയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്ജിക്കാരന് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് പാരിസ്ഥിതിക പഠനം നടത്തണമെന്നാവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.
മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എം.ജിയാണ് കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നും മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം. ഇന്നലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
Read Also: നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടല്‍
ഫ്ലാറ്റ് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് ഫ്ലാറ്റുടമകൾ നടത്തിവന്നിരുന്ന സമരം താത്കാലികമായി നിർത്തിവച്ചു. ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിന് ശേഷം സർക്കാർ എടുത്ത തീരുമാനങ്ങളിൽ തൃപ്തിയുള്ളതിനാലാണ് സമരം നിർത്തിയത്. കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നും സംസ്ഥാന സർക്കാർ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും സർവകക്ഷിയോഗത്തിൽ തീരുമാനമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കാൻ സർവ്വ കക്ഷിയോഗം തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം നിർത്തിയത്. ഒഴിപ്പിക്കാനായി അധികൃതർ വന്നാൽ സമരം തുടരുമെന്നും ഫ്ലാറ്റുടമകൾ അറിയിച്ചിട്ടുണ്ട്.
Read Also: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാമെങ്കില്‍ ഇതെന്തിന് മാറ്റിവയ്ക്കണം; മരട് വിഷയത്തില്‍ കാനം
ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് സർവ്വ കക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മികച്ച അഭിഭാഷകനെ ഏർപ്പാടാക്കുമെന്നും കേന്ദ്ര സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരട് ഫ്ലാറ്റ് വിഷയത്തിൽ കേന്ദ്ര സഹായം തേടണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞു. പ്രശ്നങ്ങൾ സമാധാനപരമായി ഒത്തുതീർപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.