കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നിയമ ലംഘകർക്കുള്ള മുന്നറിയിപ്പെന്നു ഹെെക്കോടതി. നിർമ്മാതാക്കൾ തോന്നുംപോലെ കെട്ടിടങ്ങൾ പണിതശേഷം പിന്നീട് ക്രമപ്പെടുത്തി എടുക്കുകയാണ്. ഇതിനെതിരായ മുന്നറിയിപ്പാണു മേൽക്കോടതി ഉത്തരവ്. സാവകാശം വേണമെന്നുള്ളവർക്കു സുപ്രീം കോടതിയെ തന്നെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചുണ്ടിക്കാട്ടി.

മുനിസിപ്പാലിറ്റിയുടെ ഒഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്‌ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച രണ്ടു ഹർജി കോടതി തള്ളി. തങ്ങളെ കേൾക്കാതെയാണു മുനിസിപ്പാലിറ്റി നോട്ടീസ്  നൽകിയതെന്നും ഒഴിപ്പിക്കൽ തടയണമെന്നും ചൂണ്ടിക്കാട്ടി എം.കെ.നപോൾ അടക്കം
രണ്ടുപേരാണു കോടതിയെ സമീപിച്ചത്.

Read Also: ‘സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ’; മരട് ഫ്ലാറ്റ് കേസിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

അതേസമയം, മരടിൽ ഫ്ലാറ്റുടമകളെ പറ്റിച്ച ബിൽഡേഴ്‌സിനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരേ സർക്കാർ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നു മരട് ഭവന സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നിയമം ലംഘിച്ച് നിർമാണം നടത്താൻ കൂട്ടുനിന്നത് കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയാണെന്നും നിയമം എല്ലാവർക്കും ഒരുപോലെ നടപ്പാക്കണമെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു.

1991 മുതൽ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലെ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ നിർമിച്ച ചെറുതും വലുതുമായ നിർമാണങ്ങളെല്ലാം അനധികൃതമാണെന്നു മരട് ഭവന സംരക്ഷണ സമിതി ആരോപിച്ചു. തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ പട്ടിക സർക്കാർ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Read Also: ഓടുന്ന ട്രെയിനിൽ ചാടിക്കയറി, യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

മരടിൽ സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമർശിച്ചിരുന്നു. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കും. കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്നു പറഞ്ഞ കോടതി ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്നും ചോദിച്ചു.

സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ കൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്. എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാൽ ആദ്യ മരിക്കുക ഈ നാല് ഫ്ലാറ്റുകളിലെ കുടുംബങ്ങളാകുമെന്നും ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാൻ മൂന്നു മാസമാണു ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളിയ കോടതി സംസ്ഥാനത്തെ മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും പറഞ്ഞിരുന്നു. കേസിൽ വിശദമായ ഉത്തരവ് കോടതി വെള്ളിയാഴ്ച പുറപ്പെടുവിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.