കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു അര്‍ഹതയുള്ളത്. 35 പേര്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളതായി സമിതി കണ്ടെത്തി.

മറ്റുള്ളവര്‍ക്ക് ഫ്‌ളാറ്റ് രജിസ്‌ട്രേഷനില്‍ കാണിച്ച തുകയായിരിക്കും നഷ്ടപരിഹാരമായി അനുവദിക്കുക. ഇന്ന് സമിതി പരിഗണിച്ചത് 61 അപേക്ഷകളാണ്. നഷ്ടപരിഹാര സമിതിക്കു മുൻപാകെ 14 പേർക്ക് കൃത്യമായി രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല. നേരത്തെ 14 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നു.

അതേസമയം, മരട് ഫ്ളാറ്റ് പൊളിക്കണമെന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. ഫ്ളാറ്റുടമ വിജയ് ശങ്കർ നൽകിയ ഹർജിയാണ് തള്ളിയത്. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

Read Also: ഉപതിരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടമെന്ന് മുരളീധരന്‍

മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് ഒക്‌ടോബർ 15 ന് രേഖപ്പെടുത്തിയിരുന്നു. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് മാനേജിങ് ഡയറക്ടര്‍ ഡാനി ഫ്രാന്‍സിസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

തീരദേശ പരിപാലന ചട്ടം ലംഘിച്ച് ഫ്‌ളാറ്റ് നിർമിച്ചതിനാണ് അഴിമതി വിരുദ്ധ നിയമപ്രകാരം മൂന്നു​പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ജോസഫ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

അതേസമയം, ഫ്ളാറ്റ് പൊളിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്. എല്ലാവർക്കും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകില്ലെന്ന തീരുമാനത്തിനെതിരേ ഫ്ളാറ്റുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.