ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ചീഫ് സെക്രട്ടറി കോടതിയില്‍ സത്യവാങ്മൂലം നല്‍കും. സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാകും സത്യവാങ്മൂലം. റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് ചീഫ് സെക്രട്ടറി ടോം ജോസ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനുമായി ചര്‍ച്ച നടത്തും. അതേസമയം, ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Read Also: മരട് ഫ്‌ളാറ്റ് കേസ്: തുഷാര്‍ മേത്ത സര്‍ക്കാരിന് വേണ്ടി ഹാജരാകില്ല

സെപ്റ്റംബര്‍ 23 നാണ് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുക. അതിനു മുന്‍പ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 23 ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു എന്ന് ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിക്കും. വിധി നടപ്പിലാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജയിലിലടയ്ക്കുമെന്നും സുപ്രീം കോടതി നേരത്തെ താക്കീത് നല്‍കിയിട്ടുണ്ട്.

Read Also: നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഫ്ലാറ്റുടമകൾക്ക് സർക്കാർ വൃത്തങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അടക്കം സഹായം തേടി ഫ്ലാറ്റുടമകൾക്ക് അനുകൂലമായ വിധി സമ്പാദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം പറഞ്ഞിരുന്നു. എന്നാൽ, സുപ്രീം കോടതി വിധി മറികടക്കുക എങ്ങനെയെന്ന് വ്യക്തമല്ല. സർവ്വകക്ഷിയോഗത്തിൽ എല്ലാ പാർട്ടികളും ഫ്ലാറ്റുടമകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

അതിനിടെ, 13 ഓളം കമ്പനികളാണ് ഫ്ലാറ്റ് പൊളിക്കാനായി ടെണ്ടർ സമർപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള കമ്പനികളൊന്നും ടെണ്ടർ നൽകിയിട്ടില്ല. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനി അക്യുറേറ്റ് ഡിമോളിഷേഴ്സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.