കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ നാല് വരെയാണ് നടപടികള്‍ തുടരുക. ഫ്‌ളാറ്റുടമകളുമായി സംസാരിച്ച് സമവായത്തിലെത്തി ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാനാണ് അധികാരികള്‍ ലക്ഷ്യമിടുന്നത്. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കില്ല.
അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്‌ളാറ്റുടമകള്‍ ഇന്നു മുതല്‍ നിരാഹാര സമരം നടത്തും. തങ്ങള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ളാറ്റുടമകളുടെ നിരാഹാര സമരം. ഫ്ലാറ്റ് ഒഴിയാൻ ഉടമകൾ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരമായുള്ള 25 ലക്ഷം ഫ്‌ളാറ്റ് ഒഴിയുന്നതിനു മുന്‍പ് ലഭിക്കണം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.
Read Also: മരട് ഫ്ലാറ്റിലെ താമസക്കാർ ഒഴിഞ്ഞു തുടങ്ങി
മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര സമിതിയ്ക്ക് സുപ്രീം കോടതി രൂപം നല്‍കി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. അന്തിമ നഷ്ടപരിഹാരം സമിതിയായിരിക്കും നിശ്ചയിക്കുക. മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ നടപടി ഞായറാഴ്ച ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കുമെന്നും നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.