കൊച്ചി: മരടില്‍ ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭയ്ക്ക് ടെണ്ടര്‍ ലഭിച്ചത് 13 കമ്പനികളില്‍ നിന്ന്. പതിമൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചു. ടെണ്ടര്‍ നല്‍കിയ 13 കമ്പനികളില്‍ നിന്ന് ഒരു കമ്പനിയെ തീരുമാനിക്കും. ഫ്ലാറ്റ് പൊളിക്കാന്‍ താല്‍പര്യ പത്രത്തിന് അനുവദിച്ച സമയം അവസാനിച്ചു.

ടെണ്ടര്‍ നല്‍കിയ കമ്പനികളില്‍ ഒന്ന് പോലും കേരളത്തില്‍ നിന്നില്ല. ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ടെണ്ടര്‍ ലഭിച്ചിരിക്കുന്നത്. നാളെ നഗരസഭ ടെണ്ടറുകള്‍ പൊട്ടിച്ച് നോക്കും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം.

Read Also: മരട് ഫ്‌ളാറ്റ് വിഷയം; പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പിടാത്തത് മൂന്ന് എംപിമാര്‍

ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചു. നഗരസഭാ സെക്രട്ടറി നോട്ടീസ് പതിക്കാൻ എത്തിയപ്പോൾ താമസക്കാർ പ്രതിഷേധമുയർത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള 17 എംപിമാര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. മൂന്ന് എംപിമാര്‍ ഒഴികെ മറ്റെല്ലാവരും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പിട്ടു. വയനാട് എംപി രാഹുല്‍ ഗാന്ധി, കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്‍, തൃശൂര്‍ എംപി ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിടാത്ത മൂന്ന് പേര്‍. കേരളത്തില്‍ ഇല്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധിക്ക് കത്തില്‍ ഒപ്പിടാന്‍ സാധിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: 23 ഭാഷകള്‍,ഒരൊറ്റ ത്രിവര്‍ണ പതാക; ഭാഷാ വൈവിധ്യം ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി ഒഴികെയുള്ള രണ്ട് പേരും അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് കത്തില്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മരട് വിഷയത്തില്‍ ടി.എന്‍.പ്രതാപനും എന്‍.കെ.പ്രേമചന്ദ്രനും വ്യത്യസ്ത നിലപാടാണെന്നും അതിനാലാണ് ഒപ്പിടാത്തതെന്നും വാര്‍ത്തകളുണ്ട്. മരടിലേത് പരിസ്ഥിതി പ്രശ്നം കൂടിയായതിനാല്‍ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടി.എന്‍.പ്രതാപന്‍ മറ്റു എംപിമാരെ അറിയിച്ചു എന്നാണ് വിവരം. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ എന്‍.കെ.പ്രേമചന്ദന്‍ എംപിയും കത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook