ന്യൂഡൽഹി: മരട് ഫ്ലാറ്റ് കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കും. കേരളത്തിന്റെ നിലപാടിൽ ഞെട്ടലുണ്ടെന്ന് പറഞ്ഞ കോടതി ഫ്ലാറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്നും ചോദിച്ചു.

സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ കൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്. എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാൽ ആദ്യ മരിക്കുക ഈ നാല് ഫ്ലാറ്റുകളിലെ കുടുംബങ്ങളാകുമെന്നും ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാൻ മൂന്ന് മാസമാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളിയ കോടതി സംസ്ഥാനത്തെ മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും പറഞ്ഞു. കേസിൽ ഇന്ന് തന്നെ ഉത്തരവിറക്കാനായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ തീരുമാനം. എന്നാൽ സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേയുടെ അഭ്യർത്ഥന പരിഗണിച്ച കോടതി വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.