കൊച്ചി: മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍. മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഫ്‌ളാറ്റുകള്‍ നിയമാനുസൃതം ഉടമകള്‍ക്ക് വിറ്റതാണെന്നും ഇനി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും നഗരസഭയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഉടമകള്‍ തന്നെയാണ് ഫ്ലാറ്റിന് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് നിർമാതാക്കള്‍ പറയുന്നു.

അതേസമയം, പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരട് ഫ്ലാറ്റിലെ താമസക്കാര്‍ ഇന്ന് ഒഴിയണം. കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Read Also: മലയാളികൾക്ക് ഗൃഹാതുരത നിറഞ്ഞ ഓർമകളേകിയ ദൂരദർശന് ഇന്ന് 60 വയസ്

ഫ്ലാറ്റ് ഒഴിയണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ഫ്ലാറ്റുടമകള്‍ പ്രതിഷേധം തുടരുകയാണ്. തങ്ങള്‍ ഒഴിയില്ലെന്നാണ് ഫ്ലാറ്റുടമകള്‍ പറയുന്നത്. ഫ്ലാറ്റുടമകള്‍ റിലേ സത്യാഗ്രഹം ആരംഭിച്ചു. സമയപരിധി അവസാനിച്ചാലും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശപ്രകാരം മാത്രം തുടർനടപടികളിലേക്കു കടക്കാനാണ് മരട് നഗരസഭാ സെക്രട്ടറിയുടെ തീരുമാനം.

375 കുടുംബങ്ങളാണ് ഫ്ലാറ്റുകളിലുള്ളത്. ഇവരെ ഒഴിപ്പിക്കുകയാണെങ്കിൽ മാറ്റി പാർപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം.ആരിഫ് ഖാൻ പറഞ്ഞു.

മരടിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി കേരള ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫ്ലാറ്റുടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഷയത്തിൽ ഇടപെടാൻ ആലോചിക്കുന്നുണ്ടെന്നും അത് എങ്ങനെയാണെന്ന് ഇപ്പോൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും ഗവർണർ അറിയിച്ചു. കോൺഗ്രസ് നേതാവ് കെ.വി.തോമസാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.