ന്യൂഡൽഹി: മരട് ഫ്ലാറ്റിലെ എല്ലാ താമസക്കാരും എത്രയും പെട്ടെന്ന് ഒഴിയണമെന്നു സുപ്രീം കോടതി. ഒഴിയാൻ ഒരു മണിക്കൂർപോലും സമയപരിധി നീട്ടി നൽകില്ല. ഈ വിഷയത്തിൽ ഇനി ക്ഷമിക്കാനാവില്ലെന്നും പരമാവധി ക്ഷമിച്ചുവെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് അറിയിച്ചു. ഫ്ലാറ്റുകളിൽനിന്നും ഒഴിയാൻ ഒരാഴ്ച കൂടി സമയം നീട്ടിനൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം കോടതി തളളി.

താമസക്കാർക്കായി ഹാജരായ അഭിഭാഷകരോട് കോടതി ഹാളിൽനിന്നും പുറത്തുപോകാൻ ജസ്റ്റിസ് അരുൺ മിശ്ര ക്ഷുഭിതനായി പറഞ്ഞു. ഒരു റിട്ട് ഹർജിയും ഇനി കേൾക്കാനാവില്ല. രാജ്യത്തെ ഒരു കോടതിയും ഈ വിഷയത്തിലുള്ള ഒരു ഹർജിയും പരിഗണിക്കില്ല. പരമാവധി ക്ഷമിച്ചു. ഇനി ഒരാവശ്യവും അനുവദിക്കാനാവില്ല. കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും അഭിഭാഷകർക്കു ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകി.

Read Also: മരട് ഫ്ലാറ്റ്: താമസക്കാർക്ക് ഒഴിയുന്നതിനുള്ള സമയം അവസാനിച്ചു; വീട്ടുപകരണങ്ങൾ മാറ്റാൻ കൂടുതല്‍ സമയം

തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരട് ഫ്ലാറ്റിലെ താമസക്കാർക്ക് ഒഴിയുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 കുടുംബങ്ങൾ താമസിക്കുന്നു. ഇതിൽ 243 ഓളം കുടുംബങ്ങൾ താമസം ഒഴിഞ്ഞു. ഇനി 29 കുടുംബങ്ങളാണ് ഒഴിയാനുളളത്. ഇന്നത്തോടെ ഇവർ ഒഴിയുമെന്നാണ് നഗരസഭ കരുതുന്നത്.

ഇന്നലെ രാത്രി 12 നകം താമസക്കാരെല്ലാം ഫ്ലാറ്റ് വിട്ട് പോകണമെന്നാണു ഉത്തരവെങ്കിലും വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ലാ കലക്ടര്‍ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. സാധനങ്ങൾ മാറ്റുന്നതുവരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്നു നഗരസഭ അറിയിച്ചു.

Read Also: ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് നടുവിൽ മരട് ഫ്ലാറ്റുടമകൾ

മരടിൽ നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നു സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചുനീക്കാനും ബാക്കിദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണെന്നു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണു സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.