ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയത്. ഹര്‍ജികളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിസന്ധിയിലായി.

Read Also: മരടിലെ ഫ്‌ളാറ്റ് പൊളിച്ചുനീക്കല്‍; വടിയെടുത്ത് ജസ്റ്റിസ് അരുണ്‍ മിശ്ര

ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ആഴ്ച രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഫ്‌ളാറ്റ് പൊളിച്ചുനീക്കാന്‍ അവധിക്കാല ബഞ്ചിനെ സമീപിച്ച ഉടമകളുടെ നീക്കത്തെ വളരെ മോശമായ സമീപനം എന്നാണ് കോടതി നിരീക്ഷിച്ചത്.

ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിക്കാര്‍ കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്ന് അരുണ്‍ മിശ്ര ചോദിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ സുപ്രീം കോടതിയുടെ തന്നെ നേരത്തെയുള്ള വിധി മറികടക്കാന്‍ മറ്റൊരു ബഞ്ചില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇനി ഇത് ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

മരട് നഗരസഭയിലെ അഞ്ച് അപ്പാർട്മെന്റുകൾ പൊളിച്ച് നീക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് അവധിക്കാല ബഞ്ച് സ്റ്റേ അനുവദിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവയാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.

Read Also: ‘അങ്ങനെ ചിന്തിക്കുക പോലും അരുത്’; ധോണിയോട് ലത മങ്കേഷ്‌കര്‍

മരട് മുൻസിപ്പാലിറ്റി, പഞ്ചായത്ത് ആയിരിക്കുന്ന സമയത്താണ് കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. പിന്നീട് മരട് നഗരസഭ രൂപീകരണത്തിനുശേഷം വന്ന ഭരണകൂടവും തീരദേശപരിപാലന അതോറിറ്റിയും നിർമാണ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതു മറികടന്നു കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തുടർന്നാണ് തീരദേശപരിപാലന നിയമം ലംഘിച്ചുവെന്ന് കാട്ടി നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കെട്ടിട നിർമാതാക്കൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.