ചങ്ങനാശേരി: ദുഃഖവെളളി ദിനത്തോട് അനുബന്ധിച്ച പ്രസംഗത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് പരാമര്‍ശിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും എന്നാല്‍ ദൈവനിയമത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. രാജ്യത്തിന്റെ നിയമം വച്ച് സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

‘കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുളളിലുണ്ട്. നീതിമാനാണ് കുരിശില്‍ കിടന്നത്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി എങ്ങനെയെങ്കിലും വലിയവരാകാം എന്ന ചിന്തയാണ് ചിലര്‍ക്ക്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല’, മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഇതിനിടെ ഭൂമി വിവാദത്തില്‍ പരോക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ഡോ.തോമസ് തറയിൽ രംഗത്തെത്തി. പൊതു സമൂഹത്തിൽ കത്തോലിക്ക സഭ അപഹസിക്കപ്പെടുന്നുവെന്ന് ഡോ.തോമസ് തറയിൽ പറഞ്ഞു. ദുഃഖവെളളിയുടെ ഭാഗമായി നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സഭയെ അപഹസിക്കാൻ ചില അജപാലകർ തന്നെ നേതൃത്വം നൽകുന്നുവെന്നും സഹായ മെത്രാൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ