കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് പ്രശ്നം പരിഹരിച്ചെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സമാധാനത്തിന്റെ ദിനങ്ങളാണ് ഇനി വരുന്നതെന്നും ഓശാന പെരുന്നാള്‍ പ്രത്യേക പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിയിടപാട് വിവാദത്തില്‍ അനുരഞ്ജന സാധ്യത തെളിഞ്ഞിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് തുടക്കമായതായി വൈദിക സമിതി പ്രതിനിധികള്‍അറിയിച്ചു. തുടര്‍ ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നും വൈദിക സമിതി വ്യക്തമാക്കി. പരസ്യപ്രതിഷേധത്തില്‍ നിന്ന് വൈദികര്‍ മാറിനില്‍ക്കാനും ധാരണയായി. 48 വൈദികരും സഹായമെത്രാന്മാരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുത്തു.
കുറ്റസമ്മതം നടത്തി കർദിനാൾ മാപ്പുപറയണമെന്ന നിലപാടിൽ ഉറച്ചുനിന്ന വൈദികർ, മാപ്പുപറയേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. തെറ്റുപറ്റിയെന്ന് ആവർത്തിച്ച കർദിനാൾ അതിരൂപതയിലെ വൈദികർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങളോട് വിയോജിപ്പ് അറിയിച്ചു. തനിക്കുവേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവങ്ങൾക്ക് ആരാധനക്രമവുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനയിൽ സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കൊപ്പം അദ്ദേഹം ഒപ്പുവെച്ചു.
പ്രശ്നങ്ങള്‍ സാവധാനത്തില്‍ പരിഹരിക്കുമെന്ന് വൈദിക സമിതി സെക്രട്ടറി ഫാ കുര്യാക്കോസ് മുണ്ടാടന്‍ വ്യക്തമാക്കി. ജനുവരിയിൽ വൈദികസമിതി യോഗത്തിൽ കർദിനാൾ ഇറങ്ങിപ്പോയതോടെ ഇരുകൂട്ടർക്കുമിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ഇതിനുശേഷം ശനിയാഴ്ച ഇതാദ്യമായാണ് കർദിനാൾ വൈദികസമിതിയിൽ പങ്കെടുക്കുന്നത്.