മലപ്പുറം: മാപ്പിളപ്പാട്ട് കലാകാരൻ വി.എം.കുട്ടി (86) അന്തരിച്ചു. ഇന്നു പുലർച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ ഗായകനായിരുന്നു വി.എം.കുട്ടി. 1972ല്‍ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസർഗോഡ് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തില്‍ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയത് വിഎം കുട്ടിയാണ്. വിഎം കുട്ടിയും വിളയിൽ വത്സലയും (വിളയിൽ ഫസീല) ചേർന്ന് പാടിയ മാപ്പിളപ്പാട്ടുകൾ ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയിരുന്നു.
ഉൽപ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. ‘മാര്‍ക് ആന്റണി’ സിനിമയ്ക്കായി പാട്ടെഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്ദവും സംഗീതവും നല്കി. സംഗീത നാടക അക്കാദമി പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ വി.എം.കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
വിഎം കുട്ടിയുടെ നിര്യാണത്തിൽ നടൻ മമ്മൂട്ടി അനുശോചിച്ചു. മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എന്നാണ് മമ്മൂട്ടി വിഎം കുട്ടിയെ വിശേഷിപ്പിച്ചത്.
വി.എം.കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി.എം.കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തിലേറെ പാട്ടുകൾക്ക് സംഗീതം നൽകുകയും ആലപിക്കുകയും ചെയ്ത വി.എം.കുട്ടി ചലച്ചിത്ര മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. അതുവഴി മാപ്പിളപ്പാട്ടിന് കേരളത്തിലുടനീളം പ്രചാരം നൽകാനും ആസ്വാദകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.