പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒൻപത് സെന്റിമീറ്റർ ഉയരത്തിൽ ഷട്ടർ തുറക്കാനും വെളളം ഒഴുക്കിക്കളയാനുമാണ് തീരുമാനം. ഇതോടെ ഭാരതപ്പുഴയിലും കൽപ്പാത്തി പുഴയിലും ജലനിരപ്പ് ഉയരുമെന്ന് ഉറപ്പായി. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ അറിയിച്ചിട്ടുണ്ട്.

നാലുവർഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് കഴിഞ്ഞ ദിവസമാണ് തുറന്നത്. പരമാവധിശേഷിയായ 115.06 മീറ്ററിലേക്ക് ജലനിരപ്പ് എത്തിയതോടെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നത്. എന്നാൽ കേരളം ഏറെ ജാഗ്രതയോടെ ഉറ്റുനോക്കിയിരുന്ന ഇടുക്കി അണക്കെട്ട് ഇക്കുറിയും തുറക്കില്ല. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുളള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം വൈദ്യുതി മന്ത്രി എം.എം.മണിയാണ് അണക്കെട്ട് ഇക്കുറി തുറക്കേണ്ടതില്ലെന്ന തീരുമാനം അറിയിച്ചത്.

ജലനിരപ്പുയര്‍ന്ന ഇടുക്കി അണക്കെട്ടിലെ വെളളം തുറന്നുവിടുന്നത് ഏതുവിധേനയും ഒഴിവാക്കാനുള്ള നീക്കത്തിലായിരുന്നു കെഎസ്ഇബി. വൈദ്യുതോല്‍പ്പാദനം പരമാവധി വര്‍ധിപ്പിച്ച് അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താനാണ് അവസാന ഘട്ടത്തിലും വൈദ്യുതി ബോര്‍ഡ് ശ്രമിച്ചത്.

കഴിഞ്ഞ ഒരു മാസമായി പത്തുമുതല്‍ 16 മില്യണ്‍ യൂണിറ്റുവരെയാണ് മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പ്പാദനം.  കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഒന്നു മുതല്‍ മൂന്നു മില്യണ്‍ യൂണിറ്റുവരെയായിരുന്നു ശരാശരി ഉല്‍പ്പാദനം. ഇതിന്റെ പത്തിരട്ടിയിലധികം ഉല്‍പ്പാദനമാണ് ഇപ്പോള്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ നടക്കുന്നത്.

130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതില്‍ അഞ്ച് ജനറേറ്ററുകളും പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഞായര്‍ -15.015 എംയു, തിങ്കള്‍-15.096 എം യു, ചൊവ്വ-15.102 എംയു എന്നിങ്ങനെയായിരുന്നു നിലയത്തിലെ വൈദ്യുതി ഉല്‍പ്പാദനം.

കഴിഞ്ഞ ദിവസം വരെ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയായി  56.6 കോടി രൂപയാണ് വൈദ്യുതി ബോർഡിന് കിട്ടുകയെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. യൂണിറ്റിന് കുറഞ്ഞനിരക്കായ 3.25 രൂപവീതമാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ബോര്‍ഡ് വൈദ്യുതി വില്‍ക്കുന്നത്.

കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടി വീണുമൊക്കെ ബോർഡിന് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനും മഴ തന്നെ വൈദ്യുതി ബോർഡിനെ സഹായിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook