പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയെന്ന് പൊലീസ്. അപ്രതീക്ഷിതമായുണ്ടായ ഏറ്റുമുട്ടലിലാണ് നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് പാലക്കാട് എസ്‌പി ജി.ശിവവിക്രം ജില്ലാ കോടതിയിൽ റിപ്പോർട്ട് നൽകി. വനത്തിൽ പട്രോളിങ്ങിന് പോയ കേരള പൊലീസിന്‍റെ സായുധ സേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവയ്പിൽ മൂന്ന് മാവോയിസ്റ്റുകളും പിറ്റേ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ നടന്ന വെടിവയ്പിൽ മറ്റൊരാളും കൊല്ലപ്പെട്ടതായി എസ്‌പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: കീഴടങ്ങാന്‍ തയ്യാറായവരെയാണ് വെടിവച്ചു കൊന്നത്; മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദിവാസി നേതാക്കള്‍

സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഏറ്റുമുട്ടൽ ഏകപക്ഷീയമാണെന്നും പൊലീസ് നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലിൽ വിശദമായ റിപ്പോർട്ട് നൽകാൻ എസ്‌പിയോട് കോടതി നിർദേശിച്ചത്.

Also Read: അട്ടപ്പാടിയില്‍ ഇന്‍ക്വസ്റ്റിനിടെയുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ കേരള പൊലീസിലെ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ മണിവാസകം (അപ്പു), രമ, അരവിന്ദ്, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. പശ്ചിമഘട്ട മേഖലയിൽ പ്രവർത്തിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം സൗത്ത് സോൺ കമ്മിറ്റിയിലെ മുതിർന്ന നേതാവായിരുന്നു മണിവാസകം. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായിരുന്നു.

അതേസമയം, പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമർശനങ്ങളുമായി വീണ്ടും സിപിഐ രംഗത്തെത്തി. പൊലീസ് പുറത്തുവിടുന്ന വീഡിയോകളുടെയെല്ലാം ആധികാരികത സംശയത്തിന്‍റെ നിഴലിലാണെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. മണിവാസകത്തിന്‍റെ ദേഹത്തെ പരിക്കുകളടക്കം പരിശോധിച്ചാൽ അടുത്ത് വച്ച് പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊന്നതാണെന്ന് വ്യക്തമാണെന്ന് പ്രകാശ് ബാബു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook