പാലക്കാട്: അഗളി മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് നടപടികൾ ഇന്ന്. രാവിലെ ഒമ്പതിനാണ് ഇൻക്വസ്റ്റ്. ഏറ്റുമുട്ടലിനെത്തുടർന്ന് രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി പാലക്കാട് എസ്പി വിക്രം, ആന്റി മാവോയിസ്റ്റ് സ്ക്വാഡ് കമാണ്ടന്റ് ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
മേലെ മഞ്ചക്കണ്ടിയിലുണ്ടായ വെടിവയ്പില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Read More: കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും; സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി
മാവോവാദികള്‍ ഇവിടെ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവയ്പിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്.
അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവയ്പാണോയെന്ന് അറിയില്ലെന്നും വാളയാര്‍ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണോയെന്നും സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തണ്ടർബോൾട്ട് ഉദ്യോഗസ്ഥർക്കൊന്നും പരുക്കേറ്റിട്ടില്ലെന്നാണു വിവരം. തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെത്തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.