കണ്ണൂര്‍: കഴിഞ്ഞ ദിവസം അമ്പായത്തോടെത്തിയ മാവോയിസ്റ്റ് സംഘത്തിലെ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. രാമൂ, ടിപി മൊയ്തീന്‍, കവിത എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

സിപിഎം മാവോയിസ്റ്റ് കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍. കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏഴ് മണിയോടെയായിരുന്നു സംഘം അമ്പയാത്തോടിലെത്തുന്നത്. ആയുധധാരികളായാണ് സംഘം എത്തിയത്. സ്ഥലത്തെ കടകളിലെത്തിയ നാലാംഗ സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. ഇവരുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഘത്തിനായി അന്വേഷണം ഊർജിതമാക്കാന്‍ മൂന്ന് ജില്ലാ പൊലീസ് മേധാവിമാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ദെബേഷ് കുമാര്‍, വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എന്നിവരെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് വയനാട് പേരിയയില്‍ മാവോയിസ്റ്റ് സംഘം ലഘുലേഖകള്‍ വിതരണം ചെയ്തത്. പലചരക്ക് കടയില്‍ നിന്നും സാധനം വാങ്ങുകയും ചെയ്തിരുന്നു സംഘം. കണ്ണൂരും മാവോയിസ്റ്റു അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും സംഘമെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ