വയനാട്: മേപ്പാടിയിലെ എസ്റ്റേറ്റിൽ രണ്ട് തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദികളാക്കി എന്ന വാർത്ത നിഷേധിച്ച് സിപി ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിൽ​ അറിയിപ്പ്.

മേപ്പാടി എമറാൾഡ് എസ്റ്റേറ്റിലെ തൊള്ളായിരം പ്രദേശത്ത് ഈ മാസം 20 ന് വെളളിയാഴ്ച മാവോയിസ്റ്റുകൾ മൂന്ന് തൊഴിലാളികളെ ബന്ദികളാക്കിയതായി വാർത്ത വന്നിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നും അത് പൊലീസ് പ്രചരിപ്പിതാണെന്നും മാവോയിസ്റ്റുകൾ ആരോപിച്ചു. സി പിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് വാർത്ത നിഷേധിച്ചുളള വാർത്താ കുറിപ്പ് മാധ്യമങ്ങൾ ലഭിച്ചത്.

തൊളളായിരം പ്രദേശത്ത് റിസോർട്ടിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് മാവോയിസ്റ്റുകൾ അതിക്രമിച്ച് എത്തിയെന്നും തൊഴിലാളികളെ ഭീഷണിപ്പെടുത്തി, ബന്ദികളാക്കി, അവർക്ക് നേരെ വെടിയുതിർത്തു എന്നുമുളള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സി പിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടേതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.

സമിതിയുടെ കീഴിലുളള ദളം പതിവ് ഗ്രാമ സന്ദർശനത്തിനായാണ് സ്ഥലത്ത് എത്തിയത്. ബംഗാൾ സ്വദേശികളോട് അവരുടെ തൊഴിലിനെകുറിച്ചും ജീവിത ദുരിത്തങ്ങളെപറ്റിയും മറ്റും വിശദമായി ചോദിച്ചറിയുകയും മാവോയിസ്റ്റുകൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ബദലിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഒരു തൊഴിലാളി നിസ്കരിക്കാനായി പോയി, മറ്റ് രണ്ടുപേരും തങ്ങൾ പിരിയുന്നത് വരെ കൂടെയുണ്ടായിരുന്നു. പുറത്തുപോയ ആൾ ഞങ്ങൾ​വന്ന വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ദികളാക്കിയെന്ന വാർത്ത പ്രചരിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

മലയാളികളായ മറ്റ് തൊഴിലാളികൾ വരുമെന്ന് അറിഞ്ഞതിനാൽ അവരെ കാണാനായി രാത്രി ഒമ്പത് മണിവരെ അവിടെയുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴുാണ് തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി അറിഞ്ഞത് പ്രദേശത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളെ ആക്രമിക്കുകയോ താമസക്കാരെ ബന്ദികളാക്കുകയോ എന്ന ലക്ഷ്യം വച്ച തങ്ങൾ വന്നതെന്നും വാർത്താ കുറിപ്പിൽ​ പറയുന്നു.

വാസ്തവം ഇതായിരിക്കെ, ബോധപൂർവ്വം മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരിത്തേയ്ക്കാനും പ്രദേശത്തെ ജനങ്ങളെയും തൊഴിലാളികളെയും ഭീതിയാഴ്ത്തി ഞങ്ങളിൽ നിന്നകറ്റി നിർത്താനും വേണ്ടി നടത്തുന്ന ഭരണകൂടത്തിന്റെ ഗൂഢാലോചനാപരമായ കുപ്രചരണമാണ് പൊലീസ് വാർത്തകളായി പുറത്ത് വിട്ടതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ