തിരുവനന്തപുരം: മാവോയിസ്റ്റ് വിഷയത്തിൽ നിലപാട് ആവർത്തിച്ച് സിപിഎം. മാവോയിസത്തിന്റെ പേരിലും യുഎപിഎയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും സിപിഎമ്മിനേയും എൽഡിഎഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതു തീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ ക്യാംപയിൽ സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു.

ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന്‌ എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിയ്‌ക്കുന്നുണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞു. ബംഗാളിലെ ഇടതുസര്‍ക്കാരിനെ താഴെയിറക്കുന്നതിന്‌ മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയ വിശാല അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു മാവോയിസ്റ്റുകള്‍. അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയെ ശാരീരികമായി ഇല്ലാതാക്കുമെന്ന്‌ പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍, മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിയാക്കുന്നതിനായി ഏതറ്റംവരേയും പോകുമെന്ന്‌ പ്ര്യഖ്യാപിച്ചിരുന്നു. കേരളത്തില്‍ 1967 ലെ ഐക്യമുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നക്‌സലെറ്റുകള്‍ നടത്തിയ പ്രവര്‍ത്തനവും ഇത്തരത്തില്‍ പ്രസക്തമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

Read Also: മാവോയിസ്റ്റ് ബന്ധം: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ഇടതുപക്ഷത്തിനും സിപിഎമ്മിനുമെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം-ലെനിനിസം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയല്ല. അതൊരു ഭീകരവാദ സംഘടന മാത്രമാണ്‌. ജനാധിപത്യ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനു പകരം സായുധ കലാപമാണ്‌ മാവോയിസ്റ്റുകൾ മുന്നോട്ടുവെയ്‌ക്കുന്നത്‌. ഇവരുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രയോഗം വര്‍ഗ ശത്രുക്കള്‍ക്കെതിരാകുന്നതിനു പകരം സിപിഎം ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും എതിരാളികള്‍ക്ക്‌ അവസരം നല്‍കിയതാണ്‌ അനുഭവം.

സിപിഎം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെടുന്ന സാധാരാണക്കാരെ കൊലപ്പെടുത്തുന്നതിനാണ്‌ മാവോയിസ്റ്റുകള്‍ തയ്യാറായത്‌. ഈ ചിന്താധാര ആധുനിക കേരളം തള്ളിക്കളഞ്ഞതാണ്‌. അട്ടപ്പാടിയില്‍, പൊലീസിനെ ആക്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ്‌ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കിയത്‌. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മജിസ്റ്റീരിയല്‍ നിലവാരത്തിലുള്ള അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

Read Also: സീരിയസ് പ്രണയം തുടങ്ങിയത് 18-ാം വയസില്‍; ഇഡ്ഡലിയില്ലാതെ ജീവിക്കാന്‍ പറ്റില്ല: ശശി തരൂര്‍

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പൗരാവകാശങ്ങള്‍ക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്‌ യുഎപിഎ എന്ന നിലപാടാണ്‌ സിപിഎമ്മിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവർത്തിച്ചു. ഈ നിയമനിര്‍മാണ് ഘട്ടത്തിലും, ഭേദഗതികളുടെ സന്ദര്‍ഭത്തിലും പാര്‍ലമെന്റിലും പുറത്തും തുടച്ചയായി എതിര്‍പ്പ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ ഇടതുപക്ഷം മാത്രമാണ്‌. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത്‌ പാസാക്കിയ ഈ കേന്ദ്ര നിയമം ഇന്ന്‌ രാജ്യവ്യാപകമായി ബാധകമാണ്‌. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയില്‍ കേന്ദ്രത്തിന്‌ നേരിട്ട്‌ ഇടപെടാന്‍ ഈ നിയമം അവസരം നല്‍കുന്നു. യഥാര്‍ഥത്തിൽ ഈ നിയമം ഫെഡറല്‍ കാഴ്‌ചപ്പാടുകൾക്ക് എതിരാണെന്നും സിപിഎം പറയുന്നു.

ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ്‌ സര്‍ക്കാരിനേയും, സിപിഎമ്മിനേയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ്‌ ഇപ്പോഴത്തെ പ്രചാരവേലകളിലുള്ളത്‌. അതിനായി വസ്‌തുതകളെ വളച്ചൊടിച്ച്‌ നുണപ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരോധികളേയും ഒന്നിപ്പിക്കാനും, ഇടതുപക്ഷ ചിന്താഗതിക്കാരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള വ്യമോഹവും ഇതിലുണ്ട്‌. അത്‌ തുറന്ന്‌ കാണിക്കുന്നതിനും സിപിഎം നിലപാട്‌ വിശദീകരിക്കുന്നതിനും വിപുലമായ ബഹുജന ക്യാംപയിൻ സംഘടിപ്പിക്കുവാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.